News
ജനങ്ങളുടെ നികുതി പണം എടുത്താണ് കെഎസ്ആർടിസി ജീവനക്കാരെ തീറ്റിപ്പോറ്റുന്നത്;ഇവർക്കെന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളത്:കടകംപള്ളി
തിരുവനന്തപുരം: കെ.എസ്. ആർ.ടി.സി മിന്നൽ പണിമുടക്കിനെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച യാത്രക്കാരൻ ടി. സുരേന്ദ്രന്റെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. അനാഥമായ സുരേന്ദ്രന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാർ നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹൻ ഉറപ്പ്നൽകി.
കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് അക്രമമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരുകാരണവശാലും ഇതിനെ ന്യായീകരിക്കാൻ പറ്റില്ല. കർശനമായ നടപടികൾ ഈ അക്രമം കാണിച്ചവർക്കെതിരെ സ്വീകരിക്കും. സമരത്തിന്റെ പേരിൽ കിഴക്കേക്കോട്ട പോലുള്ള സ്ഥലത്ത് വാഹനങ്ങൾ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ആളുകളോട് യുദ്ധമാണ് സത്യത്തിൽ ജീവനക്കാർ പ്രഖ്യാപിച്ചതെന്നും മന്ത്രി വിമർശിച്ചു. കെ.എസ്.ആർ.ടി.സിയെ നിലനിർത്തുന്നതിന് വേണ്ടി ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റിപ്പോറ്റുകയാണിവരെ. ഇവർക്കെന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളതെന്നും മന്ത്രി ചോദിച്ചു.
സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ പണിമുടക്കാണെന്ന് പറഞ്ഞ് വാഹനങ്ങൾ ദേശീയപാതയിലും മറ്റും ഗതാഗത തടസ്സമുണ്ടാക്കുന്നതരത്തിൽ ഇടുകയെന്നത് വളരെ വലിയ അന്യായമാണെന്ന് മന്ത്രി പ്രതികരിച്ചു. ഒരു ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും അക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും കടകംപള്ളി പറഞ്ഞു.