രവി പൂജാരിയുടെ അധോലോക കൊട്ടേഷൻ ഇടപാടുകളിൽ കേരള പോലീസിലെ രണ്ട് ഉന്നതർക്ക് പങ്കുണ്ടെന്ന വാർത്ത സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് മേധാവി
കാസർകോട്: രവി പൂജാരിയുടെ അധോലോക കൊട്ടേഷൻ ഇടപാടുകളിൽ കേരള പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന വാർത്ത സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി. ക്വട്ടേഷൻ ഇടപാടിൽ കേരള പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന അധോലോക കുറ്റവാളി രവി പൂജാരി മൊഴിനൽകിയെന്ന വാർത്തയാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥിരീകരിച്ചത്. കാസർകോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് എഡിജിപി ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.
ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ക്വട്ടേഷനിൽ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട് ഉന്നതർ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാര അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇതിൽ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുവെന്നാണ് സൂചന.പത്ത് വർഷം മുമ്പായിരുന്നു സംഭവം. കള്ളപ്പണവിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പിൽ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷൻ. ഇതിൽ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ പൊലീസ് ഉദ്യോഗസ്ഥർ തട്ടിയെടുത്തുവെന്ന് രവി പൂജാരി ബെംഗളൂരു പോലീസിനോടും ക്രൈം ബ്രാഞ്ചിനോടും വെളിപ്പെടുത്തിയിരുന്നു.