Top Stories

8 വർഷത്തിനിടെ 33 മരണം;പുതുജീവൻ ആശുപത്രിയിലെ മരണങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് എഡിഎം

കോട്ടയം: ചങ്ങനാശ്ശേരി പുതുജീവൻ ആശുപത്രിയിൽ എട്ട് വർഷത്തിനിടെ 33 പേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എഡിഎം കളക്ടർക്ക് റിപ്പോർട്ട് നൽകി. ചികിത്സയിലെ പിഴവു മൂലമാണോ മരുന്നിന്റെ അമിത ഉപയോഗമാണോ മരണമുണ്ടായതെന്ന് കൺട്രോളർ പരിശോധന നടത്തണം. സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും എഡിഎമ്മിന്റെ റിപ്പോർട്ടിലുണ്ട്.

പുതുജീവൻ ആശുപത്രിയ്‌ക്കെതിരെ നിരന്തരമായി പരാതികൾ ഉയർന്നതിനെ തുടർന്ന് 2019 ൽ അനുമതി റദ്ദാക്കിയിരുന്നു. പഴയ അനുമതിയുടെ പകർപ്പ് പ്രദർശിപ്പിച്ചാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നതെന്ന് എഡിഎം കളക്ടർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ മാലിന്യ സംസ്കരണത്തിന് സൗകര്യമില്ല, മലിനജലം കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എഡിഎമ്മിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം നടപടിയെടുക്കും. സ്ഥാപനത്തിന്റെ ലൈസൻസ് സംബന്ധിച്ച് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ വിശദാംശങ്ങളും, സ്ഥാപനത്തിനെതിരെ ഉയർന്ന പ്രദേശവാസികളുടെ പരാതികളും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം പുതുജീവൻ ആശുപത്രിയിൽ നടന്ന അസ്വാഭാവിക മരണങ്ങളിൽ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 2016 മുതൽ 2020 വരെ 11 അസ്വാഭാവിക മരണമാണ് പുതുജീവൻ ആശുപത്രിയിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ നാലെണ്ണം തൂങ്ങി മരണവും രണ്ടെണ്ണം ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button