Top Stories
കൊറോണ:ജാഗ്രതയിൽ രാജ്യം, പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : രാജ്യത്ത്
കൊറോണ വൈറസ് ബാധ കൂടുതൽപേരിലേക്കു വ്യാപിക്കുന്നു. 22 പേർക്കുകൂടി ബുധനാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചതോടെ കൊറോണബാധിച്ചവരുടെ എണ്ണം 28 ആയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. രോഗബാധിതരിൽ 23 പേരും ദില്ലിയിലാണ്. രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും.
കേരളത്തിൽ നേരത്തേ രോഗം സ്ഥിരീകരിച്ച് സുഖംപ്രാപിച്ച മൂന്നുപേരും ഇറ്റലിയിൽനിന്നെത്തിയ 16 വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള കണക്കാണിത്. ഇതിനുപുറമേ വിദേശത്ത് 17 ഇന്ത്യക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 16 പേർ ജപ്പാൻ തീരത്തുള്ള ആഡംബരക്കപ്പലിലും ഒരാൾ യു.എ.ഇ.യിലുമാണ്.
എല്ലാ രാജ്യത്തുനിന്നും ഇന്ത്യയിലെത്തുന്നവരെ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹിയിലെ എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന, ഇറാൻ, കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു.
ലോകമാകമാനം കൊറോണ ബാധിതരുടെ എണ്ണം 95,382 ആയി. ഇതിൽ 80,409 കേസും ചൈനയിലാണ്. 3,285 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 3,012 മരണവും ചൈനയിലാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യ്തത് ഇറ്റലിയിലാണ്. 107 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇറാനിൽ 92 പേരും സൗത്ത് കൊറിയയിൽ 35 പേരും ഇതുവരെ മരണപ്പെട്ടു. അമേരിക്കയിൽ മരണം 11ആയി. കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ മരണം റിപ്പോട്ട് ചെയ്ത രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് അമേരിക്ക.