Top Stories
നടപടിയെടുത്താൽ പണിമുടക്കും;സർക്കാരിനെ വെല്ലുവിളിച്ച് കെഎസ്ആർടിസി യൂണിയനുകൾ
തിരുവനന്തപുരം : സർക്കാർ നടപടികൾക്ക് പുല്ലുവില കൊടുത്ത് കെഎസ്ആർടിസി യൂണിയനുകൾ. മിന്നൽ പണിമുടക്കിൽ പങ്കെടുത്ത് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായ ജീവനക്കാർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികൾ ഉണ്ടായാൽ പണിമുടക്കിലേക്ക് നീങ്ങുമെന്ന് കെഎസ്ആർടിസി യൂണിയനുകൾ സർക്കാരിന് മുന്നറിയിപ്പു നൽകി.
സ്വതന്ത്രമായ രീതിയിലുള്ള ഒരു അന്വേഷണം ആയിരുന്നില്ല ഇന്നലെ കളക്ടർ നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാരുടെ മൊഴി കളക്ടർ രേഖപ്പെടുത്തിയിട്ടില്ല എന്നും യൂണിയനുകൾ ആരോപിക്കുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ തെളിവ് എടുക്കൽ. കളക്ടറുടെ നടപടി ഏകപക്ഷീയമായിരുന്നെന്നും യൂണിയനുകൾ ആരോപിക്കുന്നു.
സർക്കാരിന്റെ ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കില്ല, നടപടിയെടുത്താൽ പണിമുടക്കിലേക്ക് നീങ്ങുമെന്ന് തൊഴിലാളി സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സെക്രട്ടറിയേറ്റിൽ യോഗം നടക്കുന്നതിനിടെയാണ് യൂണിയനുകളുടെ മുന്നറിയിപ്പ്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഒരു സാധു മനുഷ്യന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായ മിന്നൽ പണിമുടക്ക് നടന്നത്. സ്വകാര്യബസിന്റെ സമയത്തെ ചോദ്യംചെയ്ത കെഎസ്ആർടിസി ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു മിന്നൽ പണിമുടക്ക്. യാത്രക്കാരുമായി പൊയ്ക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസുകൾ ഗതാഗത തടസ്സം ഉണ്ടാകത്തക്ക രീതിയിൽ നഗരത്തിൽ നിർത്തിട്ടു. ഡിപ്പോയിൽ സർവീസ് ഇല്ലാതെ കിടന്ന ബസുകൾ ഉൾപ്പെടെ റോഡിൽ കൊണ്ടുവന്നിട്ട് ഗതാഗത തടസ്സം രൂക്ഷമാക്കി. സ്ത്രീകളും മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ ആറു മണിക്കൂറോളം വലഞ്ഞു. ഒരു വീടിന്റെ അത്താണിയായിരുന്ന ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. കെഎസ്ആർടിസി ബസുകൾ ഗതാഗത തടസ്സം സൃഷ്ടിച്ച് കിടന്നതിനാൽ ഹൃദയാഘാതം വന്ന മനുഷ്യനെ സമയത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്രയുമൊക്കെ സംഭവിച്ചിട്ടും യാതൊരു മനസ്സാക്ഷിയും ഇല്ലാതെ ഇപ്പോഴും സമരത്തെ ന്യായീകരിക്കുകയാണ് കെഎസ്ആർടിസി യൂണിയനുകൾ.