Top Stories

സാങ്കേതിക സർവകലാശാലയിലെ അദാലത്ത് നിയമവിരുദ്ധം; മന്ത്രി കെ ടി ജലീലിനെതിരെ ഗവർണറുടെ റിപ്പോർട്ട്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീലും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത അദാലത്ത് നിയമവിരുദ്ധമാണെന്ന് ഗവർണറുടെ റിപ്പോർട്ട്. പരാതിക്കാരിയുടെയും സർവകലാശാല അധികൃതരുടെയും വിശദീകരണം കേട്ടശേഷമാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

മന്ത്രിയുടെ നിർദ്ദേശാനുസരണം സർവ്വകലാശാല അദാലത്  സംഘടിപ്പിച്ചതും,  അദാലത്തിൽ തോറ്റ ബിടെക് വിദ്യാർത്ഥിയെ വീണ്ടും മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവര്‍ണര്‍ക്കു നൽകിയ പരാതിയിലാണ് നടപടി.  മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും   ഉൾപ്പെടുത്തി  ഫയൽ അദാലത്ത്കമ്മിറ്റി  രൂപീകരിച്ചതും തീരുമാനങ്ങൾ  കൈക്കൊണ്ടതും  യൂണിവേഴ്സിറ്റി  ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു. സർവ്വകലാശാല ഒരു സ്വയംഭരണ സ്ഥാപനം ആയതുകൊണ്ട് സർവ്വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടാൻ പാടില്ലെന്ന 2003 ലെ  സുപ്രീം കോടതി ഉത്തരവ്  ഗവർണർ  ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നടന്നതൊക്കെ നടന്നു  കഴിഞ്ഞ സ്ഥിതിക്ക് അദാലത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് താൻ  കടക്കുന്നില്ലന്നും  മേലിൽ  ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്സിറ്റി  അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ വ്യക്തമാക്കി.

തോറ്റ  ഒരു  ബിടെക് വിദ്യാർഥിയുടെ ഉത്തര കടലാസ് മൂന്നാമത് മൂല്യനിർണയം നടത്തിയ അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിന്മേൽ  വിദ്യാർഥിയുടെ ഭാവിയെക്കരുതി ഇടപെടുന്നില്ല. എന്നാൽ ഇത് ഒരു കീഴ്വഴക്കമായി കാണരുതെന്നും  പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാകുന്ന ഇത്തരം ക്രമക്കേടുകൾ സർവ്വകലാശാലയുടെ സൽപ്പേരിനെ ബാധിക്കുമെന്നും ഗവർണർ ഉത്തരവിൽ പറയുന്നു.

എന്നാൽ ഗവർണറുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. വിദ്യാർത്ഥിയുടെ മാർക്ക് ഗവർണർ തിരുത്തിയിട്ടില്ലല്ലോ എന്നും മന്ത്രി ചോദിച്ചു

പരാതി നൽകിയ സേവ്  യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആര്‍.എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവും. സാങ്കേതിക സർവകലാശാല വി.സി. ഡോ എം സി രാജശ്രീക്ക് വേണ്ടി യൂണിവേഴ്സിറ്റി സ്റ്റാന്റിംഗ് കൗൺസൽ എഡ്വിൻ പീറ്ററും ഹിയറിങ്ങിനു  ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button