Top Stories
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ 2019ലെ വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വർഷം ഒടുവിൽ നടക്കേണ്ട തിരഞ്ഞെടുപ്പിൽ 2019ലെ വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന സർക്കാർ, കോൺഗ്രസ്, മുസ്ലീം ലീഗ് പ്രതിനിധികൾ തുടങ്ങിയവർക്ക് സുപ്രീംകോടതി നോട്ടീസയച്ചു. മറ്റു കക്ഷികളുടെ നിലപാടും അറിഞ്ഞ ശേഷം കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. കോൺഗ്രസും മുസ്ലീം ലീഗുമാണ് കേസിലെ എതിർ കക്ഷികൾ. തദ്ദേശ തിരഞ്ഞെടുപ്പ് 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള കമ്മിഷന്റെ തീരുമാനത്തിന് എതിരെയാണ് എതിർ കക്ഷികൾ നേരത്തേ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി അറ്റോർണി ജനറൽ കെ. കെ. വേണുഗോപാലും, കോൺഗ്രസിനും ലീഗിനും വേണ്ടി കോൺഗ്രസ് നേതാവും സീനിയർ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ് വിയും ഹാജരായി.