Top Stories
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി;അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്സറിയുമാണ്. റവന്യൂ, തദ്ദേശ വകുപ്പുകൾക്ക് അതിജാഗ്രതാനിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ച രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ശനിയാഴ്ച വിദഗ്ധസംഘം പരിശോധന നടത്തും.
വ്യാഴാഴ്ച തന്നെ രണ്ട് ഫാമുകളിലെയും കോഴികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂർ മേഖലാ ലബോറട്ടറിയിലെ പരിശോധനയിൽ പക്ഷിപ്പനി സംശയം ബലപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ച സാമ്പിളുകൾ വിമാനമാർഗം ഭോപ്പാലിലെ ലബോറട്ടറിയിൽ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
ഇതേ തുടർന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു.