Top Stories

ചവറയുടെ കാരണവർ എല്ലാവരുടെയും വിജയണ്ണൻ ഇനി ദീപ്തമായ ഓർമ്മ

കൊല്ലം : രാഷ്ട്രീയ ഭേദമെന്യേ ചവറക്കാരുടെ ഏതൊരാവശ്യത്തിനും മുന്നിൽ നിൽക്കുന്ന കാരണവരായിരുന്നു ‘വിജയണ്ണൻ’ എന്ന് പ്രായഭേദമെന്യേ ചവറക്കാർ വിളിയ്ക്കുന്ന ചവറ വിജയൻ പിള്ള. ചെങ്കൊടിയേന്തി ആർ.എസ് പിക്കാരനായ് രാഷ്ട്രീയ ജീവിതമാരംഭിച്ച വിജയൻ പിള്ള, പിന്നീട് കോൺഗ്രസ്‌ സഹചാരി ആയെങ്കിലും ഒടുവിൽ  ചെങ്കൊടി പുതച്ച് തന്നെയാണ് തന്റെ ജീവിതത്തിൽ നിന്നും മറയുന്നത്. രാഷ്ട്രീയ രംഗത്തും വ്യവസായ ലോകത്തും നേട്ടങ്ങൾ കെട്ടിപ്പൊക്കിയ വിജയൻ പിള്ള രാഷ്ട്രീയത്തെയും വ്യവസായത്തെയും കൂട്ടിക്കുഴച്ചിരുന്നില്ല.

ചവറ മടപ്പളളി  കിഴക്കും തലയ്ക്കൽ എന്ന വിജയമന്ദിരത്തിൽ മെമ്പര്‍ നാരായണ പിളളയുടെയും ഭവാനിയമ്മയുടെയും മൂത്ത മകനായി 1951  ഏപ്രില്‍ 4 നായിരുന്നു വിജയൻ പിള്ളയുടെ ജനനം. ചവറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം പുനലൂർ എസ് എൻ കോളേജ്,  ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് എന്നിവിടങ്ങളിലായി  ഉപരിപഠനം. കലാലായ രാഷ്ട്രീയത്തിലൂടെ ഇടതു പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ  പ്രവര്‍ത്തകനായായി പൊതുപ്രവർത്തനത്തിലേക്കുള്ള പ്രവേശം.എന്നാൽ അച്ചന്റ മരണത്തോടെ വ്യവസായങ്ങള്‍ ഏറ്റെടുത്ത് നടത്തുവാൻ തുടങ്ങി. ഒപ്പം തന്നെ  രാഷ്ട്രീയ പ്രവർത്തനവും കൊണ്ടു നടന്നു.രണ്ടിലും വിജയൻ പിള്ള പേര് അന്വർത്ഥമാക്കി.

1979 മുതൽ 2000 വരെ വിജയൻ പിള്ള ചവറ പഞ്ചായത്ത് അംഗമായിരുന്നു. പിന്നീട് 2000 മുതൽ 2005 വരെ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത്‌ ഉപാധ്യക്ഷനുമായി. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ചവറയിൽ മത്സരിച്ചു വിജയിച്ചു. ഗുരുനാഥൻ ബേബി ജോണിന്റെ മകൻ മുൻ മന്ത്രി ഷിബു ബേബി ജോൺ ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. മന്ത്രിയുടെ പരിവേഷത്തോടെ വിജയം ആവർത്തിക്കാൻ കളത്തിലിറങ്ങിയ ഷിബു ബേബി ജോണിനെ മലർത്തിയടിച്ചാണ് വിജയൻ പിള്ള തന്റെ കന്നി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിൽ ഒന്നായിരുന്നു വിജയൻ പിള്ളയുടെ വിജയവും ഷിബുവിന്റെ തോൽവിയും. മുൻവർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഷിബുബേബി ജോണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച വിജയൻപിള്ള തന്നെ അദ്ദേഹത്തെ തോൽപ്പിച്ചു ചവറയുടെ നായകനായി.

2000 വരെ തികഞ്ഞ ആർഎസ്പിക്കാരായിരുന്നു വിജയൻപിള്ള. പിന്നീട് ആർ.എസ്.പി വിട്ട് കോൺഗ്രസ് പാളയത്തിലെത്തി. ഇക്കാലത്ത് കെ. കരുണാകരനുമായിട്ടായിരുന്നു വിജയൻപിള്ളയ്ക്ക് അടുപ്പം. കരുണാകരൻ കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ വിജയൻ പിള്ള അതിന്റെ ഭാഗമായി. കെ. കരുണാകരൻ തിരിച്ച് കോൺഗ്രസിലെത്തിയപ്പോൾ വിജയൻ പിള്ളയും മടങ്ങി. എന്നാൽ മദ്യനയത്തിൽ വി.എം സുധീരനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അദ്ദേഹം കോൺഗ്രസ് വിടുന്നത്. പിന്നീട് സി എം പി അരവിന്ദാക്ഷൻ വിഭാഗത്തിൽ എത്തിയ അദ്ദേഹം പാർട്ടി ലയനത്തോടെ അവസാനം സി പി ഐ എമ്മിലെത്തി.

26 ആമത്തെ വയസ്സിലാണ് വിജയൻപിള്ള പഞ്ചായത്ത് അംഗമായത്. രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. എൻ ശ്രീകണ്ഠൻനായർക്കും ബേബി ജോണിനും ഒപ്പം ആർഎസ്പിയുടെ സ്ഥാപക കാലം മുതൽ നേതൃനിരയിലെ സജീവ സാന്നിധ്യമായിരുന്ന മെമ്പർ നാരായണപ്പിള്ള എന്ന ചവറയുടെ പൊതുമണ്ഡലത്തിൽ സുപരിചിതനായ രാഷ്ട്രീയ പ്രവർത്തകന്റെ മകനായിരുന്നു വിജയൻപിള്ള. വിജയൻ പിള്ളയുടെ വിയോഗത്തോടെ ചവറയ്ക്ക് നഷ്ട്രമായിരിക്കുന്നത് ചവറക്കാരുടെ വീട്ടിലെ ഒരംഗത്തെ തന്നെയാണ്.

പിതാവായ മെമ്പർ ശ്രീ നാരായണപിള്ള മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ പ്രവൃത്തിക്കുന്ന കരുനാഗപ്പള്ളി  വിജയ ഹോട്ടൽ, ശാസ്താംകോട്ട  വിജയകാസ്റ്റിൽ, ചവറ വിജയ പാലസ്, ചവറ എം എസ് എൻ കോളേജ്, എംബിഎ കോളേജ് എന്നിവയുടെ മാനേജിങ് ഡയറക്ടർ കൂടിയാണ് വിജയൻ പിള്ള . നിലവിൽ ജില്ലാ ഹ്യൂമൻ റിസോർസ് സഹകരണ സംഘം പ്രസിഡന്റ് കൂടിയാണ്.

ഇന്ന് രാവിലെ 11 മണിക്ക് കരുനാഗപ്പള്ളിയിൽ നിന്നും മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിക്കും. ശേഷം ചവറ സി പി എം ഏരിയ കമ്മറ്റി ഓഫീസിലും, എം എൽ എ ഓഫീസിലും, ചവറ പഞ്ചായത്ത് ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് ഔദ്യോഗിക ബഹുമതികളോടെ ചവറയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

ഭാര്യ : സുമാദേവി (കരുനാഗപ്പള്ളി പന്നിശ്ശേരിൽ കുടുംബാംഗം). മക്കള്‍ : സുജിത്ത് (ഡോക്ടർ ), അഡ്വ. ശ്രീജിത്ത്,  ശ്രീലക്ഷ്മി. മരുമകൾ : ഡോക്ടർ പാർവതി (കൊല്ലം അസ്സീസിയ മെഡിക്കൽ കോളേജ് ട്യൂട്ടർ )’ജയകൃഷ്ണൻ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ ), സഹോദരങ്ങള്‍: രമാദേവി, എൻ ചന്ദ്രൻപിള്ള, എൻ രാജൻപിള്ള, പരേതയായ മായ, എൻ ഉണ്ണികൃഷ്ണപിള്ള.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button