News
ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി വിമുക്തഭടൻ തൂങ്ങിമരിച്ചു
കൊല്ലം: കടയ്ക്കലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിമുക്തഭടൻ തൂങ്ങിമരിച്ചു. വയ്യാനം സ്വദേശി സുദർശനൻ (52) ആണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയുടെ മൃതദേഹം അടുക്കളയിലും മകന്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടത്.
ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് സുദർശനനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് വീടിനകത്ത് പരിശോധിച്ചപ്പോൾ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഞായറാഴ്ച രാവിലെ സുദർശനനെ വീടിന് സമീപം കണ്ടിരുന്നതായി അയൽവാസികൾ പറഞ്ഞു.
സുദർശനനും ഭാര്യയും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമികനിഗമനം. ദമ്പതിമാർ തമ്മിലുള്ള പ്രശ്നങ്ങളിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനെത്തുടർന്ന് സുദർശനൻ വീടിന് സമീപത്തെ ചായ്പ്പിലായിരുന്നു താമസം. സംഭവത്തിൽ കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.