Top Stories
വീട്ടുമുറ്റത്ത് പൊങ്കാല ഇട്ടാലും ആറ്റുകാലമ്മ സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നവർ കൂടുതൽ ജാഗ്രത പാലിയ്ക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവർ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചുമയോ പനിയോ മൂക്കൊലിപ്പോ ഉള്ളവർ ക്ഷേത്ര പരിസരത്തേക്കെത്താൻ ശ്രമിയ്ക്കാതെ അവരവരുടെ വീട്ടു മുറ്റത്ത് തന്നെ പൊങ്കാല ഇടണം. വിദേശ രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ എത്തിയവർ അവരവരുടെ ബന്ധുവീടുകളിൽ തന്നെ പൊങ്കാലയിടാൻ ശ്രദ്ദിക്കണം.
പൊങ്കാലക്കായി നഗരത്തിലെ ഹോട്ടലുകളിൽ താമസിക്കുന്ന ആളുകളെക്കുറിച്ച് ഹോട്ടൽ ജീവനക്കാർക്ക് കൃത്യമായ ധാരണ ഉണ്ടാകേണ്ടതാണ്. വിദേശരാജ്യങ്ങളിൽ നിന്നും ആരെങ്കിലും ഹോട്ടലുകളിൽ താമസിയ്ക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കേണ്ടതാണ്.
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് രോഗപ്രതിരോധത്തിന്റെ ഭാഗമായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമുൾപ്പെടുന്ന 23 സംഘങ്ങളെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇവരെ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വിന്യസിക്കും. 12 ആംബുലൻസ്, അഞ്ച് ബൈക്ക് ആംബുലൻസ് എന്നിവ സജ്ജമാണ്. പൊങ്കാല നടക്കുന്ന ഒരോ വാർഡിലും പ്രദേശവാസികളെ ഉൾപ്പെടുത്തി ഒരു പ്രത്യേക സംഘങ്ങളെ തയ്യാറാക്കിയിട്ടുണ്ട്. ഇവർ തങ്ങൾക്ക് നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ ചെന്ന് ആർക്കെങ്കിലും പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, വിദേശത്തുനിന്ന് വന്നവർ എന്നിങ്ങനെയുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നും കളക്ടർ പറഞ്ഞു.