Top Stories

പത്തനംതിട്ടയിൽ അഞ്ചു പേർക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം : പത്തനംതിട്ടയിൽ അഞ്ചു പേർക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ മൂന്നു പേർക്കും അവരുടെ രണ്ടു ബന്ധുക്കൾക്കുമാണ് കൊറോണ ബാധ സ്ഥിതീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചത്.

റാന്നി ഐത്തല സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 29 നാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയിൽ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും ഇറ്റലിയിൽ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇവരുടെ ശരീര സ്രവങ്ങൾ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവർ നിലവിൽ നിരീക്ഷണത്തിലാണ്.

ഇറ്റലിയിൽ നിന്ന് എത്തിയതാണെന്ന വിവരം ഇവർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. മാത്രമല്ല ഇവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരായിരുന്നില്ല. ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടപ്പോൾ ആശുപത്രിയിലേക്ക് വരാനും ഇവർ വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു.

ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 29-ന് ഖത്തർ എയർവേയ്സിന്റെ (ക്യു.ആർ-126) വെനീസ്-ദോഹ വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവർ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടർന്ന് ഖത്തർ എയർവേയ്സിന്റെ തന്നെ ക്യൂ.ആർ 514 വിമാനത്തിൽ കൊച്ചിയിലേക്ക് വന്നു. മാർച്ച് ഒന്നിന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് സ്വകാര്യ കാറിലാണ് വീട്ടിലേക്ക് പോയത്. ഈ വിമാനത്തിലുണ്ടായിരുന്നവർ എത്രയും വേഗം ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. 26 പേരായിരുന്നു പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ. ഇന്ത്യയിൽ ഇതുവരെ 34 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ചു കേസുകൾ കൂടി ആകുമ്പോൾ ഇത് 39 ആയി ഉയരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button