Top Stories

ഇന്ന് ആറ്റുകാൽ പൊങ്കാല;സ്ത്രീ ലക്ഷങ്ങൾ അമ്മയ്ക്ക് മുന്നിൽ പൊങ്കാലയർപ്പിയ്ക്കും

തിരുവനന്തപുരം: ഇന്ന് ലോക പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള സ്ത്രീ ലക്ഷങ്ങൾ ആറ്റുകാലമ്മയുടെ മുന്നിൽ പൊങ്കാല സമർപ്പിച്ച്‌ സായൂജ്യമടയാനായി അനന്തപുരിയിലെത്തിച്ചേർന്നിട്ടുണ്ട്. കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ഉത്സവം കൊടിയേറിയതുമുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാണ്.

രാവിലെ 10.20ന് ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ തീ പകരുന്നതോടെ, അനന്തപുരിയിലെ ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് തീ പകരും. ഇതോടെ അനന്തപുരി ഒരു മഹാ യാഗശാലയായി മാറും. ലക്ഷക്കണക്കിന് കുടുംബങ്ങളിലെ ദുഖങ്ങളും ദുരിതങ്ങളും ആറ്റുകാലമ്മയുടെ തിരുമുന്നിൽ നടക്കുന്ന മഹാ യാഗാഗ്നിയിൽ ഹോമിയ്ക്കപ്പെടും.

ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്ന് കഴിഞ്ഞു. ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല ദേവിയ്ക്ക് നിവേദിയ്ക്കുന്നത്. അതോടെ ലക്ഷങ്ങളുടെ ഒരുവർഷത്തെ കാത്തിരിപ്പിന് വിരാമമാകും. വീണ്ടും അടുത്ത വർഷത്തെ കാത്തിരിപ്പിന് തുടക്കമിട്ട് ഭക്തജന ലക്ഷങ്ങൾ വീടുകളിലേക്ക്.

പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് പൊങ്കാല നടപ്പിലാക്കുക.  ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീല് കൊണ്ടോ മണ്ണ് കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. സുരക്ഷയ്ക്ക് 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 112 എന്ന ടോൾ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടെയാണ് പൊങ്കാല ക്രമീകരണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിടരുതെന്നാണ് സർക്കാർ നിർദ്ദേശം. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമുൾപ്പെടുന്ന 23 സംഘങ്ങളെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇവരെ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വിന്യസിക്കും. 12 ആംബുലൻസ്, അഞ്ച് ബൈക്ക് ആംബുലൻസ് എന്നിവ സജ്ജമാണ്. പൊങ്കാല നടക്കുന്ന ഒരോ വാർഡിലും പ്രദേശവാസികളെ ഉൾപ്പെടുത്തി ഒരു പ്രത്യേക സംഘങ്ങളെ തയ്യാറാക്കിയിട്ടുണ്ട്. ഇവർ തങ്ങൾക്ക് നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ ചെന്ന് ആർക്കെങ്കിലും പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, വിദേശത്തുനിന്ന് വന്നവർ എന്നിങ്ങനെയുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നും കളക്ടർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button