Top Stories
ആറ്റുകാലമ്മയ്ക്ക് മുന്നിൽ പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ;ഇനി കാത്തിരിപ്പാണ് അടുത്ത വർഷത്തേക്കായി
തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് മുന്നിൽ പൊങ്കാലയർപ്പിച്ച് സായൂജ്യം നേടി ലക്ഷങ്ങൾ. 2.15 ഓടെയാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദിച്ചത്. പണ്ടാര അടുപ്പിലെ നിവേദ്യത്തില്‍ പുണ്യജലം തളിച്ചതോടെ പൊങ്കാല അര്‍പ്പിക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായി. ഭക്തര്‍ ഇപ്പോള്‍ തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങുന്ന തിരക്കിലാണ്. രാവിലെ 10.30നാണ് പൊങ്കാല അടുപ്പിൽ തീ പകർന്നത്. ആറ്റുകാലമ്മയുടെ തിരുമുന്നിലെ പണ്ടാര അടുപ്പിൽ ജ്വലിപ്പിച്ച അഗ്നി നിമിഷങ്ങൾക്കകംതന്നെ അനന്തപുരിയാകെ ഒരു യാഗശാലയാക്കി തീർത്തു.
വൈകിട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി 7.30ന് കുത്തിയോട്ട വ്രതകാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. രാത്രി പത്തരയ്ക്ക് മണക്കാട് ദേവീ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത്. നാളെ രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.20 ന് കാപ്പഴിച്ച ശേഷം നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് ഭക്തി നിർഭരമായ സമാപനമാകും.
ഇനി കാത്തിരിപ്പാണ് അടുത്ത വർഷത്തേക്ക്. അമ്മയ്ക്ക് മുന്നിൽ പൊങ്കാലയർപ്പിച്ച് തന്റെ ദുരിതങ്ങളുടെ ഭാണ്ഡക്കെട്ട് ഇറക്കിവെയ്ക്കാൻ ഓരോ ഭക്തയും കൊതിക്കുന്ന നിമിഷത്തിനായി.