കൊച്ചിയിൽ മൂന്നു വയസ്സുകാരിയ്ക്ക് കൊറോണ സ്ഥിതീകരിച്ചു;ഇതോടെ കേരളത്തിൽ 6 പോസിറ്റീവ് കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ മൂന്നു വയസുള്ള കുട്ടിക്കാണ് രോഗബാധയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. വിമാനത്താവളത്തിൽ നിന്ന് തന്നെ ഈ കുഞ്ഞിന് രോഗലക്ഷണങ്ങൾ കണ്ടെത്താനായിരുന്നു.
ശനിയാഴ്ചയാണ് ഈ കുട്ടി ഉള്‍പ്പെടെയുള്ള കുടുംബം നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടില്‍ എത്തിയത്. ദുബൈ വഴിയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. കുട്ടിയുമായി അടുത്ത് ഇടപഴകിയ മറ്റുള്ളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
പത്തനംതിട്ടയിൽ അഞ്ചും കൊച്ചിയിൽ മൂന്നു വയസുകാരനുമടക്കം നിലവിൽ സംസ്ഥാനത്ത് ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവരായിരുന്നു. ഇവരിൽ നിന്നാണ് ബന്ധുക്കളായ മറ്റു രണ്ടു പേർക്ക് പകർന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ യോഗം ചേർന്ന് വിലയിരുത്തി. രോഗ ബാധിതർ ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.