Top Stories
യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്തില്ലങ്കിൽ കർശന നടപടി: ആരോഗ്യവകുപ്പ്
പത്തനംതിട്ട : കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നെത്തിയ ആളുകൾ യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്തില്ലങ്കിൽ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിയ്ക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.
യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നടപടി എടുക്കും. മനഃപൂർവ്വം പകർച്ചവ്യാധി പടർത്തുന്നതായി കണക്കാക്കി ഇത്തരക്കാർക്കെതിരെ കേസെടുക്കും. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ബസിൽ ജോലി ചെയ്യുന്ന ജീവനക്കർക്ക് മാസ്ക് ധരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട കോടതിയിലെ സാധാരണ നടപടികൾ അഞ്ച് ദിവസത്തേക്ക് നിറുത്തിവെക്കുകയും ചെയ്തു. പത്തനംതിട്ടയിൽ 15 പേർ ആശുപത്രിയിലാണ്. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾ കഴിയുമെങ്കിൽ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.