Top Stories
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ? മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി 18 എം.എൽ.എ.മാർ ബെംഗളൂരുവിലേക്ക് കടന്നതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുമെന്ന് സൂചന. ഇന്ന് രാവിലെ 10:30 ഓടുകൂടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയാണ്. അമിത്ഷായും ഒപ്പമുണ്ട്.
ബിജെപി നേതാവ് നരോത്തം മിശ്ര ഇന്നു രാവിലെ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തുകയും ചെയ്തു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും എല്ലാവരേയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും നരോത്തം മിശ്ര വ്യക്തമാക്കി.
അനുരഞ്ജനത്തിനായി പാർട്ടി തലപ്പത്തുനിന്ന് തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സിന്ധ്യ ചർച്ചകൾക്ക് തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. രാജ്യസഭാ സീറ്റ്, പിസിസി അധ്യക്ഷ സ്ഥാനം തുടങ്ങിയ വിഷയങ്ങളെ ചൊല്ലിയാണ് ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥും തമ്മിൽ ഭിന്നതയുള്ളത്. ഇതിനിടെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകീട്ട് ഭോപ്പാലിൽ ചേരും. സിന്ധ്യയെ പിസിസി അധ്യക്ഷനാക്കുന്നതിൽ എതിർപ്പില്ലെന്ന് കമൽനാഥ് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.