News
പത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കൊറോണ പരിശോധനയ്ക്കിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കർശന നിയന്ത്രണങ്ങളുള്ള വാർഡിൽ നിന്നായിരുന്നു ഇയാൾ മുങ്ങിയത്.
രോഗബാധിതരായ അഞ്ച് പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതിൽപ്പെട്ടയാളായിരുന്നു യുവാവ്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും. ഇതിനിടെയാണ് ഇയാൾ മുങ്ങിയത്. വെച്ചൂച്ചിറ
സ്വദേശിയായിരുന്നു ഇയാൾ.
പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായിരുന്നില്ല. പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം.