Top Stories

കൊറോണ: കർശന നിയന്ത്രണങ്ങളുമായി സർക്കാർ; വിദേശത്തുനിന്നെത്തി വിവരം നൽകാതിരുന്നാൽ കർശന നടപടി

തിരുവനന്തപുരം : നാളെ മുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോളജുകളും പ്രഫഷനല്‍ കോളേജുകളും മദ്രസ, അങ്കണവാടികളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കില്ല. പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല. അവധിക്കാല ക്ലാസുകളും ഒഴിവാക്കണം. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്സവങ്ങള്‍ ആചാര പ്രകാരമുള്ള  ചടങ്ങുകൾ മാത്രമായി മാറ്റണം. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം. ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രം ആക്കണം. കല്യാണങ്ങള്‍
ചെറിയ ചടങ്ങായി ഒതുക്കണം. സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം പരമാവധി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വിദേശത്തുനിന്ന് വരുന്നവര്‍ രോഗവിവരം മറച്ചുവയ്ക്കരുത്. രോഗവിവരം മറച്ചുവച്ചാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. രോഗ വ്യാപനം തടയാന്‍ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണം ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. അതു കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ വിദേശത്തുനിന്ന് എത്തിയവരെ കണ്ടെത്തും. നഗരങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണം തേടും. കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ഭീതിപരത്തുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമായ വാര്‍ത്തകളും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സാനിറ്റൈസര്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും. മാസ്‌ക് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നു.

സിനിമാ തിയറ്ററുകൾ മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നാടകങ്ങളും ഒഴിവാക്കണം. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. പാളിപോയാല്‍ വിഷമം ഉണ്ടാകും. ഇപ്പോള്‍ ഭയപ്പെടേണ്ട ഘട്ടമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button