Top Stories
കൊറോണ: കൊല്ലത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന 6 പേരുടെ ഫലം നെഗറ്റീവ്
കൊല്ലം : കൊല്ലത്ത് കൊവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്ന 6 പേരുടെ ഫലം നെഗറ്റീവെന്ന് റിപ്പോർട്ട്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആറു പേർക്കാണ് രോഗമില്ലെന്ന് പരിശോധനാഫലം ലഭിച്ചത്. ഇതിൽ അഞ്ചുപേർ കോവിഡ് ബാധിച്ച റാന്നി സ്വദേശികളുമായി അടുത്തിടപഴകിയവരാണ്.
കോവിഡ് ബാധിതരായ റാന്നി സ്വദേശികൾ സന്ദർശിച്ച പുനലൂരിലെ വീട്ടുകാർക്ക് ഉൾപ്പെടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. എട്ടുപേരാണ് ഇപ്പോൾ കൊല്ലത്ത് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. ഞായറാഴ്ച മുതൽ ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഇവർ ആശുപത്രിയിൽ നിന്നും തിരികെ മടങ്ങിയെങ്കിലും വീട്ടിലും നിരീക്ഷണത്തിൽ തുടരും.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ഇപ്പോൾ 8 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 140 ഓളം പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇറ്റലിയിൽ നിന്ന് കൊല്ലത്ത് എത്തിയ വിദ്യാർത്ഥിനിയുൾപ്പടെയുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ട്രെയിൻ മാർഗമാണ് വിദ്യാർത്ഥിനി കൊല്ലത്ത് എത്തിചേർന്നത്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന 89 വയസുകാരിയുടെ നില ആശങ്കയിൽ. കോട്ടയം മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശിനിയുടെ മാതാവാണ് 89 കാരി. 96 വയസുള്ള പിതാവിന്റെ ആരോഗ്യ സ്ഥിതിയും ആശങ്കയിലാണ്.