അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ
വാഷിങ്ടൺ : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് ഡെമോ ക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം കുറിച്ചത്.
ഇരുപത് ഇലക്ടറൽ കോളേജ് വോട്ടുകളുള്ള പെൻസിൽവേനിയയിൽ വിജയിച്ചതോടെയാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്.
270 ഇലക്ടറൽ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ചില സംസ്ഥാനങ്ങളിൽ ഇപ്പോളും വോട്ടെണ്ണൽ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറൽ കോളേജ് വോട്ടുകളിൽ കേവല ഭൂരിപക്ഷം ബൈഡൻ നേടിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബൈഡൻ പ്രസിഡന്റ് പദത്തിലെത്തുന്നതോടെ ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും.
അമേരിക്കയുടെ പ്രസിഡന്റ് പദത്തിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡൻ. ബരാക്ക് ഒബാമ സർക്കാരിൽ എട്ടുവർഷം ബൈഡൻ വൈസ് പ്രസിഡന്റായിരുന്നു.