ഇനി അക്കൗണ്ട് കാലിയാകില്ല;മിനിമം ബാലൻസ് വ്യവസ്ഥ ഒഴിവാക്കി എസ് ബി ഐ
ന്യൂഡൽഹി : സേവിങ്സ് അക്കൗണ്ടുകൾ മിനിമം ബാലൻസ് നിലനിർത്തണം എന്ന വ്യവസ്ഥ എസ്ബിഐ പിൻവലിച്ചു. എല്ലാ മാസവും മിനിമം ബാലൻസ് നിലനിർത്തണമെന്ന നിബന്ധന പിൻവലിച്ചതായി ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് എസ്ബിഐ അറിയിച്ചത്. ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകൾക്ക് ഏർപ്പെടുത്തിയിരുന്ന എസ്എംഎസ് ചാർജും എസ്ബിഐ പിൻവലിച്ചിട്ടുണ്ട്. എസ് ബി ഐയുടെ 44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഈ തീരുമാനം ഗുണകരമാകും.
എല്ലാ സേവിങ്സ് അക്കൗണ്ടുകളുടെയും വാർഷിക പലിശ 3 ശതമാനമായും നിജപ്പെടുത്തി. നേരത്തെ ഒരു ലക്ഷത്തിൽ താഴെ ബാലൻസുള്ള അക്കൗണ്ടുകൾക്ക് 3.25 ശതമാനവും ഒരു ലക്ഷത്തിൽ കൂടുതലുള്ള അക്കൗണ്ടുകൾക്ക് 3 ശതമാനവുമായിരുന്നു പലിശ നിരക്ക്.
നിലവിൽ മെട്രോ, അർധ മെട്രോ, ഗ്രാമപ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ച് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്ബിഐ മിനിയം ബാലൻസ് നിശ്ചയിച്ചിരുന്നത്. മിനിയം ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകളിൽനിന്ന് അഞ്ച് രൂപ മുതൽ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു.