News
രാജ്യത്ത് പെട്രോൾ ഡീസൽ വില 6 രൂപാ വരെ കുറഞ്ഞേക്കാം
കൊച്ചി : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ അടുത്ത ആഴ്ച വൻ ഇടിവുണ്ടാകുമെന്ന് സൂചന. ലിറ്ററിന് 6 രൂപാ വരെ കുറയുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില രാജ്യാന്തര വിപണിയിൽ കൂപ്പുകുത്തിയതോടെയാണ് ഇത്തരത്തിൽ രാജ്യത്തിനകത്തും വില കുറയുമെന്ന് റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുന്നത്.
രാജ്യാന്തര വിപണിയിൽ 30 ശതമാനമാണ് എണ്ണവില താഴ്ന്നത്. കൊറോണ ലോകരാജ്യങ്ങളിൽ പടർന്നത് മൂലം 35 ഡോളറിനടുത്താണ് ബാരലിന് വില. പക്ഷേ വിലയിടിവിന് അനുസരിച്ചുള്ള വിലക്കുറവ് രാജ്യത്തിനകത്ത് ഉണ്ടായിട്ടില്ല.15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഇന്ധന വില പുതുക്കുന്നതെന്നാണ് ഇതിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ നൽകുന്ന വിശദീകരണം. രാജ്യന്തര വിപണിയിൽ ഇന്ധന വില അസാധാരണമാം വിധം താഴ്ന്നിട്ടും അത് ഇന്ത്യൻ വിപണിയിൽ വലിയ ഇളക്കങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. 25 പൈസയിൽ താഴെയാണ് മിക്ക ദിവസങ്ങളിലും കുറഞ്ഞിരിക്കുന്നത്.
ഇനിയുള്ള ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ അവസ്ഥയിൽ മാറ്റമില്ലെങ്കിൽ ആഭ്യന്തര വിപണിയിലും വലിയ വിലക്കുറവിന് സാധ്യതയുണ്ടെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തയാഴ്ച ആയിരിക്കും വിലയിലെ മാറ്റം ആഭ്യന്തര വിപണിയിൽ പ്രകടമായി കാണുക.