Top Stories
കൊറോണ ജാഗ്രത: സർക്കാർ ഉത്തരവിന് പുല്ലുവില നൽകി സിഐടിയു
തൃശ്ശൂർ: കേരളത്തിൽ കൊവിഡ് 19 പടരുമെന്ന ആശങ്ക നിലനിൽക്കെ പൊതുപരിപാടികൾ നടത്തരുതെന്ന സർക്കാർ നിർദേശത്തിന് പുല്ല് വിലകൊടുത്ത് സിഐടിയു. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ, സിഐടിയു ജില്ലാ കൗൺസിൽ യോഗം നടന്നു. ഇരുന്നൂറോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. രാവിലെ പത്ത് മണിക്ക് തുടങ്ങിയ യോഗം ജില്ലാ കളക്ടർ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടും സംഘാടകർ ഇത് പാലിച്ചില്ല.
എല്ലാ മുൻകരുതലും എടുത്താണ് യോഗം നടത്തുന്നതെന്നാണ് സിഐടിയു ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. സാനിറ്റൈസർ ഉൾപ്പടെയുള്ളവ ഹാളിന്‍റെ ഒരുവശത്ത് ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൈ വൃത്തിയാക്കാനുള്ള സൗകര്യങ്ങളുണ്ട്. യോഗത്തിൽ ആരോഗ്യപ്രവർത്തകർ കൂടി പങ്കെടുക്കുന്നുണ്ട്. അതിനാൽ എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടെങ്കിൽ അവർ കൈകാര്യം ചെയ്യുമെന്നും സിഐടിയു ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു.
സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തെക്കുറിച്ച് സിഐടിയുവിന് അകത്തുള്ളവർക്ക് തന്നെ എതിർപ്പുണ്ടെന്നാണ് സൂചന. ഇന്നലെത്തന്നെ സിഐടിയു ജില്ലാ സെക്രട്ടറിയോട് കൗൺസിൽ യോഗം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇത് അംഗീകരിക്കാൻ ജില്ലാ നേതൃത്വം തയ്യാറായില്ല.
ജില്ലാ കളക്ടർ സിഐടിയു ജില്ലാ നേതൃത്വത്തെ വിളിച്ച് ഇത്രയധികം പേർ പങ്കെടുക്കുന്ന യോഗമായതിനാൽ അടിയന്തരമായി ഇത് നിർത്തി വയ്ക്കാൻ നിർദേശിച്ചു. എന്നാൽ മണിക്കൂറുകൾക്ക് ശേഷമാണ് യോഗം നിർത്തി വയ്ക്കാൻ സിഐടിയു തയ്യാറായത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. സിഐടിയു ജില്ലാ സെക്രട്ടറിക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ജില്ലാ നേതൃത്വം ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
സ്കൂളുകളും കോളേജുകളും അടച്ചിടാനും സർക്കാർ പൊതു പരിപാടികൾ എല്ലാം റദ്ദാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. മതപരമായ ചടങ്ങുകളും കൂട്ടായ്മകളും ഒഴിവാക്കാൻ സർക്കാർ അഭ്യർത്ഥിച്ചിരുന്നതാണ്. ശബരിമല ക്ഷേത്രത്തിൽ തീർത്ഥാടനം നിയന്ത്രിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ഉത്സവങ്ങളിലെയും ആഘോഷങ്ങൾ റദ്ദാക്കി. സിനിമാശാലകളിൽ പോകരുതെന്നും വിനോദ ശാലകൾ 31വരെ അടച്ചിടണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു.
ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ ലംഘിച്ചാൽ പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം കേസെടുക്കുമെന്ന് ഇന്നലെയും നിയമസഭയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയതാണ്. സർക്കാർ നിർദ്ദേശങ്ങളോടെല്ലാം പൊതുജനം വളരെയധികം സഹകരിച്ച് ഈ മഹാമാരിയെ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കയാണ്. എന്നിട്ടും ഇടത് അനുകൂല സംഘടയായായ സിഐടിയു ന് മാത്രം സർക്കാർ ഉത്തരവ് പുല്ലുവില.