Top Stories
സംസ്ഥാനത്ത് 2 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കും ഖത്തറിൽനിന്നെത്തിയ തൃശ്ശൂർ സ്വദേശിക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശിക്ക് പ്രാഥമിക പരിശോധനയിൽ വൈറസ് ബാധ സംശയിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതിൽ മൂന്നുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയെ പരിയാരം മെഡിക്കൽ കോളേജിലും തൃശ്ശൂർ സ്വദേശിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
നിലവിൽ 4180 പേരാണ്
കേരളത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലുമാണ്. 1337 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 953 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം കാത്തിരിക്കുന്നു.