ഇന്ത്യ ലോകത്തിന് മാതൃക;കൈകൂപ്പി ലോകം,നമസ്തേ പറഞ്ഞ് ലോക നേതാക്കൾ
കൊറോണ പടർന്ന് പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയെ മാതൃകയാക്കി കൈകൾ കൂപ്പി ലോകം. ഹസ്തദാനത്തിന് പകരം നമസ്തേ പറഞ്ഞ് ലോകനേതാക്കൾ. ഹസ്തദാനം രോഗപകർച്ചയ്ക്ക് കാരണമായേക്കാമെന്ന വിവരങ്ങളെ തുടർന്നാണ് ഇന്ത്യക്കാരുടെ പരമ്പരാഗത അഭിവാദ്യ രീതിയായ നമസ്തെയ്ക്ക് പ്രചാരം കൈവന്നിരിക്കുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നമസ്തേ യുടെ പ്രാധാന്യത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. അഭിവാദ്യം ചെയ്യുന്നതിനായി ഹസ്തദാനത്തിനു പകരം ഇന്ത്യക്കാർ ചെയ്യുന്നതുപോലെ കൈകൾ കൂപ്പി നമസ്തേ എന്ന് പറയാമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

ബ്രിട്ടണിലെ ചാൾസ് രാജകുമാരനും ഇപ്പോൾ കൈകൾ കൂപ്പിയാണ് അതിഥികളെ സ്വീകരിക്കുന്നത്. ലണ്ടണിലെ പലേഡിയത്തിൽ നടന്ന പ്രിൻസെസ് ട്രസ്റ്റ് അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ അതിഥികളെ രാജകുമാരൻ കൈകൂപ്പി സ്വീകരിയ്ക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോനും കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതും പ്രചരിച്ചിരുന്നു.