Top Stories
കൊറോണ:കൊല്ലത്ത് അതീവ ജാഗ്രതാ നിർദ്ദേശം;393 പേർ നിരീക്ഷണത്തിൽ
കൊല്ലം : തിരുവനന്തപുരത്ത് ഇറ്റലി സ്വദേശിയായ വിനോദസഞ്ചാരി അടക്കം 3 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി. ഇറ്റലി സ്വദേശി ടൂറിസത്തിന്റെ ഭാഗമായി പാരിപ്പള്ളിയിലും സന്ദര്‍ശനം നടത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് ഇയാൾ സഞ്ചരിച്ച വഴികള്‍, ഇടപെട്ട ആളുകള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
വിദേശികളായ യാത്രികരുടെയും തിരികെ എത്തുന്ന നാട്ടുകാരുടേയും യാത്രാവിവരങ്ങള്‍ ഉടന്‍തന്നെ രേഖപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശം നല്കി.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവത്കരണ നോട്ടീസ് വിതരണം ആരംഭിച്ചു. എല്ലാ ഹെല്‍ത്ത് ബ്ലോക്കുകളിലും കൈ കഴുകല്‍, മാസ്കിന് പകരം തൂവാല, പൊതു നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍ അടങ്ങിയ നാലുതരം പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പതിക്കും. പൊതുയോഗങ്ങള്‍, ചടങ്ങുകള്‍ എന്നിവ നടത്തുമ്പോള്‍ 20 ല്‍ കുറവ് ആളുകള്‍ പങ്കെടുക്കുന്ന തരത്തില്‍ ക്രമീകരിക്കണമെന്നും നിര്‍ദ്ദേശം നല്കി.
ജില്ലാ കണ്ട്രോള് റൂമില്‍ നിന്നും അറിയിക്കുന്ന രോഗികളുടെ സാമ്പിള്‍ മാത്രം എടുത്താല്‍ മതിയാകും. എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും ഈ നിര്‍ദ്ദേശം പാലിക്കണം. പരിഭ്രാന്തരായി വരുന്ന രോഗികളെ ബോധവത്കരിക്കുകയും കണ്ട്രോള് റൂമുമായി ബന്ധപ്പെടുന്നതിന് ആവശ്യപെടുകയും വേണം. എല്ലാ ആശുപത്രികളിലും വായുജന്യ രോഗ നിയന്ത്രണ കോര്‍ണര്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ദ്ദേശം നല്കി.
ജില്ലയില്‍ വീട്ടിൽ നിരീക്ഷണത്തില്‍ 393 പേരും ആശുപത്രിയില്‍ 11 പേരും ഉണ്ട്. 220 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 96 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 124 പേരുടെ റിസല്‍റ്റ് നെഗറ്റീവ് ആണ്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.