News
കൊല്ലത്ത് പട്ടാപ്പകൽ 3 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം;തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു
കൊല്ലം : തെന്മല ഉറുകുന്നിൽ പട്ടാപകൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. തിരുനെൽവേലി മേട്ടുപെട്ടി സ്വദേശിനി ഷണ്മുഖതായിയെയാണ് നാട്ടുകാർ പിടികൂടി തെന്മല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിന്റെ എതിർവശത്തെ പുരയിടത്തിൽ ഉണ്ടായിരുന്ന വല്യച്ഛന്റെ അടുത്തേക്ക് അമ്മ അറിയാതെ റോഡ് മുറിച്ചു കടന്ന് പോകാൻ ശ്രമിച്ച മൂന്ന് വയസുകാരിയെയാണ് തമിഴ്‌നാട്ടിൽ നിന്നും എത്തിയ യുവതി കൈയിൽ പിടിച്ചു പൊക്കി എടുത്ത് തട്ടി കൊണ്ട് പോകാൻ ശ്രമിച്ചത്. റോഡിലൂടെ കടന്ന് വന്ന സമീപവാസിയായ സ്ത്രീ സംഭവം നേരിൽ കാണുകയും പാഞ്ഞു വന്ന് കുട്ടിയെ രക്ഷിക്കുകയും ആയിരുന്നു. കുട്ടിയെ വീട്ടുകാരുടെ പക്കൽ ഏല്പിക്കുമ്പോഴേക്കും ഇവർ അതിവേഗത്തിൽ നടന്നു നീങ്ങിയെങ്കിലും നാട്ടുകാർ ഇവരെ വളഞ്ഞു പിടിക്കുകയായിരുന്നു.
തെന്മല പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. പോലീസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതിരുന്ന ഇവരുടെ പക്കൽ നിന്നും അറുപതിനായിരത്തോളം രൂപയും, എട്ട് പവന്റെ സ്വർണവും കണ്ടെടുത്തു. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനു കേസെടുത്ത പോലീസ് ഇവരുടെ കൈ രേഖ ഉപയോഗിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ദിവസങ്ങൾക്കു മുൻപ് ഒറ്റക്കല്ലിൽ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ വെറുതെ വിട്ടയച്ച തെന്മല പോലീസിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
അടുത്തടുത്ത സംഭവത്തോടെ നാട്ടുകാർ ആശങ്കയിൽ ആണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളിയിലും സമാനമായ സംഭവം നടന്നിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ സ്കൂളിൽ പോകും വഴി തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നിരുന്നു. ആ കേസിലും തമിഴ്നാട് സ്വദേശിയായ സ്ത്രീയായിരുന്നു പ്രതി. അവരെയും നാട്ടുകാർ പിടികൂടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.