Top Stories

കേരളത്തിൽ കൊറോണ ബാധിതർ 21;എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരം

തിരുവനന്തപുരം: യു.കെ സ്വദേശിയ്ക്കും വിദേശത്തുനിന്ന് തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 21 പേരാണ് വൈറസ് ബാധിതരായി ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.

പഠനത്തിന്‍റെ ഭാഗമായി സ്‌പെയിനില്‍ പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് അവസാനമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹവുമായി ഇടപെട്ട ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ച യു.കെ.സ്വദേശി കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര്‍ വീടുകളിലും 289 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2147 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1514 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മന്ത്രി വ്യക്തമാക്കി.

വൈറസ് ബാധ ഭയന്ന് ജനങ്ങള്‍ പുറത്തിറങ്ങാത്ത അവസ്ഥ ഉണ്ടാകരുത്. കൂട്ടംകൂടുന്നതും വന്‍ തോതില്‍ പകരുന്നതുമായ സാഹചര്യം ഒഴിവാക്കണമെന്നേ നിര്‍ദേശിച്ചിട്ടുള്ളൂ. സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ ബസ്, വാഹന സൗകര്യങ്ങള്‍ക്കൊന്നും ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് എന്തുതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണ്. അതിഥി തൊളിലാളികള്‍ താമസിക്കുന്നിടങ്ങളില്‍ പരിശോധന നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈകളിലൂടെ കൊറോണ പകരുന്നത് തടയുന്നതിനായി കൈകളുടെ ശുചിത്വം ഉറപ്പുവരുത്താന്‍ ‘ബ്രേക് ദ ചെയിന്‍’ ക്യാമ്പയിൻ നടത്താനും ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും കൈകള്‍ ശുചീകരിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിന്‍റെ ഉദ്ഘാടനവും മന്ത്രി പത്രസമ്മേളനത്തില്‍ നിര്‍വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button