Top Stories
മധ്യപ്രദേശ്:തിങ്കളാഴ്ച കമൽനാഥ് സർക്കാർ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ
ഭോപാൽ : തിങ്കളാഴ്ച കമൽനാഥ് സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടത്തി സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ലാൽജി ടണ്ഠൻ. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നും ഗവർണർ അറിയിച്ചു. ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന ദിവസമാണ് തിങ്കളാഴ്ച.
സഭയിൽ ഭൂരിപക്ഷം തെളിയിക്കണം എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി. സംഘം ശനിയാഴ്ച ഗവർണർ ലാൽജി ടണ്ഠനെ കണ്ടിരുന്നു. 22 എം.എൽ.എ.മാർ രാജിവെച്ചതോടെ കമൽനാഥ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഭൂരിപക്ഷമില്ലാത്ത സർക്കാരിന് തുടർന്നുഭരിക്കാൻ ഭരണഘടനാപരമായ അവകാശമില്ലെന്നും ഗവർണർക്കു നൽകിയ നിവേദനത്തിൽ ബി.ജെ.പി. നേതാക്കൾ പറഞ്ഞു. തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെ കമൽനാഥ് സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടണമെന്നുള്ള കത്ത് ഗവർണറുടെ ഓഫീസ് പുറത്തുവിടുകയായിരുന്നു.