Top Stories
കമൽനാഥിന് അന്ത്യശാസനവുമായി ഗവർണർ; വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണം
ഭോപ്പാൽ : മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിൽ അന്ത്യശാസനവുമായി ഗവർണർ ലാൽജി ടണ്ടൻ. നാളെ (ചൊവ്വാഴ്ച) വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ കത്തയച്ചു. അല്ലാത്തപക്ഷം സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് കണക്കാക്കിയുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.
കൊറോണ ഭീതിയെത്തുടർന്ന് നിയമസഭാ സമ്മേളനം 26-ലേക്ക് നീട്ടിവച്ചതിന് പിന്നാലെ ബിജെപി എംഎൽഎമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി കമൽനാഥിന് ഗവർണർ കത്തുനൽകിയത്. മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രിക്ക് ഗവർണർ അന്ത്യാശാസനം നൽകിയിട്ടുള്ളത്.
വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന് നിർദ്ദേശിച്ച് ഗവർണർ നേരത്തെ കമൽനാഥിന് കത്തയച്ചിരുന്നു. അത് അവഗണിക്കപ്പെട്ടതോടെയാണ് ഇന്ന് വീണ്ടും കത്ത് നൽകിയിട്ടുള്ളത്. കൊറോണ വൈറസ് ഭീതിയെത്തുടർന്ന് മറ്റുപല സംസ്ഥാനങ്ങളിലെയും നിയമസഭാ സമ്മേളനങ്ങൾ മാറ്റിവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് സർക്കാരും സഭാസമ്മേളനം നീട്ടിവച്ചത്. ഇതോടെ കമൽനാഥിന് വിശ്വാസ വോട്ടുതേടാൻ രണ്ടാഴ്ചത്തെ സമയം കിട്ടിയിരുന്നു.