Top Stories
മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിടയില്ല
ഭോപ്പാൽ : കമൽനാഥ് സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിടയില്ല. ജ്യോതിരാദിത്യ സിന്ധ്യ ക്കൊപ്പമുള്ള വിമത എംഎൽഎ മാർ തനിക്ക് മുന്നിൽ ഹാജരാകാതെ വിശ്വാസ വോട്ടെടുപ്പിന് അനുമതി നൽകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. ഗവർണ്ണറുടെ നയപ്രഖ്യാപനവും, നന്ദി പ്രമേയവും മാത്രമാണ് നിയമസഭ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നത്തെ അജണ്ട.
ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 22 എംഎൽഎ മാർ രാജിവയ്ച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് സർക്കാർ ഇന്ന് സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബോധ്യമായെന്ന് മുഖ്യമന്ത്രി കമല്‍നാഥിന് കൈമാറിയ ഉത്തരവില്‍ ഗവര്‍ണ്ണര്‍ ലാല്‍ ജി ടണ്ടന്‍ വ്യക്തമാക്കുന്നുണ്ട്.
സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന ഭരണഘടനയിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍ ഉത്തരവിട്ടത്.
എന്നാൽ, വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നകാര്യത്തിലുള്ള തീരുമാനം തിങ്കളാഴ്ച സഭയിൽ അറിയിക്കാമെന്ന് സ്പീക്കർ എൻ.പി. പ്രജാപതി പറഞ്ഞു. സഭാസമ്മേളനത്തിന്റെ അജൻഡയിൽ വിശ്വാസവോട്ടെടുപ്പ് ഉൾപ്പെടുത്തിയിട്ടുമില്ല.
ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. എന്നാൽ ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണ്ണറുടെ ഉത്തരവ് നടപ്പാക്കാത്തതിൽ കോൺഗ്രസിനെതിരെ ബിജെപിയും സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കുമെന്നാണ് സൂചന.
കോൺഗ്രസുവിട്ട് ബി.ജെ.പി.യിൽ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയോട് കൂറുപുലർത്തുന്ന 22 എം.എൽ.എ.മാർ രാജിവെച്ചതോടെയാണ് മധ്യപ്രദേശ് സർക്കാർ പ്രതിസന്ധിയിലായത്. വിശ്വാസവോട്ടെടുപ്പ് ഉറപ്പായതോടെ, രാജസ്ഥാനിലെ ജയ്പുരിൽ പാർപ്പിച്ചിരുന്ന കോൺഗ്രസ് എം.എൽ.എ.മാരെ ഞായറാഴ്ച തിരിച്ചെത്തിച്ചു. വീട്ടിലേക്കുപോകാതെ ഇവരെല്ലാവരും ഭോപാലിലെ ഹോട്ടലിലാണ് തങ്ങുന്നത്.
22 എംഎല്‍എമാര്‍ രാജിവച്ചതോടെ നിയമസഭയിലെ അംഗസംഖ്യ 206 ആയി . കേവല ഭരിപക്ഷം 104 ആണെന്നിരിക്കേ 107 അംഗങ്ങളുള്ള ബിജെപിയുടെ നില ഭദ്രമാണ്. ബിഎസ്പി, സമാജ്‍വാദി പാര്‍ട്ടി അംഗങ്ങളുടെയും, സ്വതന്ത്രരുടെയും കൂടി പിന്തുണ കിട്ടിയാല്‍ തന്നെ കോണ്‍ഗ്രസിന്‍റെ അംഗബലം 99 ആകുന്നൂള്ളൂ. സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായതോടെ ഏതാനും വിമതരേയും ബിജെപി അംഗങ്ങളെയും ഒപ്പം നിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് കമല്‍നാഥെന്നാണ് സൂചന.