Top Stories
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രാജ്യസഭാംഗമായി
ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തു. നിലവിലുള്ള രാജ്യസഭാംഗങ്ങളിൽ ഒരാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗോഗോയിയെ രാഷ്ട്രപതി നാമനിർദേശം ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതിയിൽ നിന്ന് ഗോഗോയി വിരമിച്ചത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികൾ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയി. വിരമിച്ചതിന് ശേഷം തന്റെ സ്വദേശത്തെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.
1954-ൽ അസമിലാണ് ഗോഗോയ് ജനിച്ചത്. 2001 ൽ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ൽ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വർഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബർ 17 ന് വിരമിച്ചു. വിരമിച്ചു 4 മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ രാജ്യസഭാ എം പി ആയി രാഷ്ട്രപതി നോമിനേറ്റ് ചെയ്യ്തത്.