News
ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി;വിചാരണ നേരിടണമെന്ന് കോടതി
കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ഹർജി കോട്ടയം അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതി തള്ളി. ഫ്രാങ്കോ മുളക്കൽ വിചാരണ നേരിടണമെന്ന് കോടതി അറിയിച്ചു. ഈ മാസം 24 ന് ഹാജരാകണമെന്നും കോടതി അറിയിച്ചു.
തനിക്കെതിരേ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസറ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതൽ ഹർജി കോടതി തള്ളിയത്.
2018 ജൂൺ 26നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ പീഢന പരാതി നൽകിയത്. 4 മാസം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കയാണ് ഫ്രാങ്കോ വിടുതൽ ഹർജി സമർപ്പിച്ചത്. ഹർജി തള്ളിയ സ്ഥിതിക്ക് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചേക്കും.