വൈദ്യരത്നം ഡോ.പി.കെ വാരിയർ അന്തരിച്ചു
കോട്ടയ്ക്കൽ : ആയുർവേദ ആചാര്യൻ ഡോ. പി.കെ വാരിയർ അന്തരിച്ചു. 100 വയസ്സായിരുന്നു അദ്ദേഹത്തിന്. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായ ഡോ. പി.കെ വാരിയർ ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തിൽ വച്ചാണ് അന്തരിച്ചത്. ജൂൺ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്.
ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച വിശ്വപൗരനായിരുന്നു പി.കെ വാരിയർ. ആയുർവേദം ഒരു ചികിത്സാരീതി മാത്രമല്ല. ഒരു ജീവിത രീതി കൂടിയാണെന്ന് ലോകത്തെ പഠിപ്പിച്ച കർമ്മയോഗി ആയിരുന്നു അദ്ദേഹം. ആയുർവേദ രംഗത്ത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച് വൈദ്യരത്നം എന്ന സ്ഥാനവും ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ എന്ന സ്ഥാനം നൽകി ആദരിച്ചിരുന്നു. 1999 ൽ പത്മശ്രീയും 2011 ൽ പത്മഭൂഷണും നൽകി രാജ്യവും അദ്ദേഹത്തെ ആദരിച്ചു.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ എന്ന ഗ്രാമത്തിൽ ഒരു ഇടത്തരം കുടുംബത്തിൽ 1921 ജൂൺ 5 നാണ് പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ ജനിക്കുന്നത്. ശ്രീധരൻ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.. കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ ആണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം പൂർത്തിയാക്കിയത് വൈദ്യരത്നം പി.എസ് വാരിയർ ആയുർവേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്.
അദ്ദേഹത്തിന്റെ ആത്മകഥയായ ‘സ്മൃതിപർവം’ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. വിജയവാഡയിലെ ‘അക്കാദമി ഓഫ് ആയുർവേദ’ അദ്ദേഹത്തിന് ‘മില്ലേനിയം ഗോൾഡ് മെഡൽ ‘ നൽകി ആദരിച്ചു, മഹാരാഷ്ട്ര ഗവർണ്ണറായിരുന്ന പി.സി. അലക്സാണ്ടറിൽ നിന്നും മുപ്പതാമത് ധന്വന്തരി അവാർഡ് 2001 ൽ ലഭിച്ചു.ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, ആയുർവേദ ഡോക്ടർമാരുടെ അക്കാദമി ഏർപ്പെടുത്തിയ ‘ആദി സമ്മാൻ പുരസ്കാർ’, ആയുർവേദിക് മെഡിസിൻ മാനുഫാക്ച്വറേഴ്സ് ഓർഗനൈസേഷന്റെ ‘പതഞ്ജലി പുരസ്കാരം’, സി. അച്യുതമേനോൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1999 -ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി. ലിറ്റ് നൽകിയും അദ്ദേഹത്തെ ആദരിച്ചു.