Top Stories
കോവിഡ് മുൻകരുതൽ:കേന്ദ്രമന്ത്രി വി മുരളീധരൻ ഐസൊലേഷനിൽ
തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഐസൊലേഷനിൽ നിരീക്ഷണത്തിൽ. ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് സ്വന്തം തീരുമാനപ്രകാരം മന്ത്രി ഐസൊലേഷനിൽ കഴിയുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം ശ്രീചിത്ര സന്ദർശിച്ചിരുന്നു. അതേസമയം മന്ത്രിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ല.
ഈ മാസം രണ്ടിന് സ്പെയിനിൽ നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മൂന്ന് ദിവസത്തോളം രോഗികളെ പരിശോധിച്ചിരുന്നു. ഈ സമയം ശ്രീചിത്രയിൽ അവലോകന യോഗത്തിൽ പങ്കെടുക്കാൻ മുരളീധരൻ എത്തിയിരുന്നു. രോഗബധിതനുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തതായി സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ക്വാറന്റൈനിൽ കഴിയാൻ തീരുമാനിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിനും വി മുരളീധരൻ പങ്കെടുക്കുന്നില്ല. പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷത്തിൽ കഴിയാനാണ് തീരുമാനം.