ബിഗ്‌ബോസ് താരം രജിത് കുമാർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം : ബിഗ്‌ബോസ് റിയാലിറ്റിഷോ താരം രജിത് കുമാർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് രജിത് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. രജിത് കുമാറിനെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോയതായാണ് വിവരം.
അതേസമയം, താൻ റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നുവെന്നും കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് ഇതേപ്പറ്റി രജിത് കുമാറിന്റെ വിശദീകരണം.
രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ ഇതുവരെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം, തൃശ്ശൂർ, ഇടുക്കി, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ കലക്ടറുടെ നിർദേശപ്രകാരം രജിത്കുമാറടക്കം എഴുപത്തിയഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റിലായവരെ കൂടാതെ രജിതിനെ സ്വീകരിക്കാനെത്തിയ മറ്റു അന്‍പതോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്താവളത്തിന് 500 മീറ്റർ പരിധിയിൽ പ്രകടനമോ സംഘം ചേരലോ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിനും സംഘം ചേർന്ന് മുദ്രവാക്യം മുഴക്കിയതിനുമാണ് ഇവർക്കെതിരേ കേസെടുത്തത്.
ഞായറാഴ്ച രാത്രിയാണ് ചെന്നൈയിൽ നിന്നെത്തിയ രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയത്. പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.