Top Stories
കൊറോണ:സർക്കാർ നിർദ്ദേശങ്ങൾ പാലിയ്ക്കാതെ കോവിഡ് പടരാൻ കാരണക്കാരാവുന്നവർക്കെതിരെ കർശന നടപടി
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പകരുന്ന പശ്ചാത്തലത്തിൽ രോഗ ലക്ഷണങ്ങൾ മറച്ചുവയ്ക്കുന്നവർക്കും, സർക്കാർ നിർദ്ദേശങ്ങൾ പാലിയ്ക്കാതെ മറ്റുള്ളവരിലേക്ക് കോവിഡ് പടരാൻ കാരണക്കാരാവുന്നവർക്കും എതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം. ഇങ്ങനെയുള്ളവർ രോഗം സുഖപ്പെട്ട ശേഷം കടുത്ത നിയമനടപടി നേരിടേണ്ടി വരും. 3 വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്യും. ഇന്ത്യൻ ശിക്ഷാ നിയമം, കേരള പൊലീസ് ആക്ട്, കേരള പബ്ലിക് ഹെൽത്ത് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുക്കുന്നത്.
വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവർ അധികൃതരെ വിവരമറിയിയ്ക്കുകയും രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ഇരിയ്ക്കുകയും വേണം. രോഗപ്പകർച്ച തടയാൻ വീട്ടിലോ ആശുപത്രികളിലോ ഐസലേഷൻ വാർഡിലോ ക്വാറന്റീനിൽ കഴിയാൻ നിർദേശിക്കപ്പെട്ടവർ പുറത്തു പോകുന്നതു കുറ്റകരമാണ്. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങൾ സന്ദർശിച്ചു തിരിച്ചുവന്നു 28 ദിവസം വീട്ടിൽ തന്നെ കഴിയാൻ നിർദേശിക്കപ്പെട്ടവർക്കും രോഗപ്പകർച്ച തടയൽ നിയമം ബാധകമാണ്. നിരീക്ഷണത്തിലുള്ളവർ പുറത്തു ചുറ്റിക്കറങ്ങുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ അടക്കം കേസിൽ തെളിവായി സ്വീകരിക്കും.