Top Stories
നാവിക സേനയിലെ വനിത ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷൻ പദവിയിൽ നിയമിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : നാവിക സേനയിലെ വനിത ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. രാജ്യത്തെ സേവിച്ച വനിതകൾക്ക് സ്ഥിരം കമ്മീഷൻ പദവിയിൽ നിയമനം നൽകാത്തത് നീതി നിഷേധം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരുഷന് തുഴയാൻ കഴിയുന്നതുപോലെ സ്ത്രീയ്ക്കും കഴിയുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മൂന്നുമാസത്തിനകം വിധി നടപ്പാക്കാണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
സ്ഥിരം കമ്മീഷൻ പദവിയിലേക്കുള്ള വിലക്ക് കേന്ദ്ര സർക്കാർ നീക്കിയതിനാൽ പുരുഷന്മാർക്കുള്ള എല്ലാ അധികാരവും വനിതകൾക്കും നൽകണം എന്ന് കോടതി നിർദേശിച്ചു. ലിംഗ വിവേചനം പാടില്ല എന്നും കോടതി വ്യക്തമാക്കി.
നേരത്തെ കരസേനയിൽ വനിതകളെ സ്ഥിരം കമ്മീഷൻ പദവിയിൽ നിയമിക്കുന്നതിനുള്ള വിലക്ക് ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവർ അടങ്ങിയ ബെഞ്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയിലും തുല്യത ഉറപ്പുവരുത്തിയുള്ള സുപ്രീംകോടതിയുടെ വിധി. നിലവില്‍ സ്ത്രീകള്‍ക്ക് നാവികസേനയില്‍ തുടരാനുള്ള പരമാവധി കാലാവധി 14 വര്‍ഷമാണ്. പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ ഈ സ്ഥിതി മാറും. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും അവരുടെ റിട്ടയര്‍മെന്‍റ് കാലാവധി വരെ സര്‍വ്വീസില്‍ തുടരാനാകും.