Top Stories
ജാഗ്രതാ മുന്നറിയിപ്പ്;കോഴിക്കോട് ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യത
തിരുവനന്തപുരം : കോഴിക്കോട് ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ 37.8 ഡിഗ്രി സെൽഷ്യസായിരുന്നു കോഴിക്കോട് നഗരത്തിലെ ഉയർന്ന താപനില. ഇന്ന് 4.5 ഡിഗ്രി സെൽഷ്യസ് താപനില ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്.
കെട്ടിടനിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷകർ, പോലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണവിതരണക്കാർ, തെരുവ് കച്ചവടക്കാർ, ഇരുചക്രവാഹന യാത്രികർ, ശുചിത്വ തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, തെങ്ങുകയറ്റക്കാർ തുടങ്ങിയവർ മുൻകരുതൽ പാലിക്കണം. പൊതുജനങ്ങൾ രാവിലെ 11മണി മുതൽ വൈകിട്ട് 4 മണിവരെ വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കി തണലിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ധാരാളം വെള്ളംകുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും വേണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രോഗങ്ങളുള്ളവർ തുടങ്ങിയവരെ ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ബാധിക്കാനിടയുണ്ട്. ഇവർ ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ലെന്ന് അതോറിറ്റി അധികൃതർ പറഞ്ഞു.