Top Stories
കൊറോണ:ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണിവരെ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതുമണിവരെ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഫ്യൂവിന് സംസ്ഥാന സർക്കാർ മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ രണ്ടുമാസമായി ദശലക്ഷക്കണക്കിന് ആളുകളാണ് രാവും പകലുമില്ലാതെ ആശുപത്രികളിലും വിമാനത്താവളങ്ങളിലും മറ്റുള്ളവർക്കു വേണ്ടി കഷ്ടപ്പെടുന്നത്. ഇവർക്കുള്ള അഭിവാദനവും പ്രോത്സാഹനവും എന്ന നിലയിൽ മാർച്ച് 22ന് അഞ്ചുമണിക്ക് വാതിൽ, ബാൽക്കണി, ജാലകങ്ങൾ എന്നിവിടങ്ങളിൽനിന്ന് അഞ്ചുമിനിട്ട് കൈകൾ അടിക്കുകയും മണി മുഴക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യഭീതി കാരണം സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങിച്ചു കൂട്ടരുത് ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോൾ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാൽ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി. കൊറോണയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണം. കൊറോണയെ പ്രതിരോധിക്കാൻ ജനങ്ങൾ കുറച്ച് സമയം നൽകണം. കഴിഞ്ഞ രണ്ടുമാസമായി 130 കോടി ഇന്ത്യക്കാർ കൊറോണയെ ധൈര്യപൂർവം നേരിട്ടു കൊണ്ടിരിക്കുകയാണ്. മുൻകരുതലുകൾ പാലിക്കാൻ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും ആളുകൾ നടത്തുന്നുണ്ട്. എന്നാൽ കുറച്ചു ദിവസങ്ങളായി എല്ലാം ശരിയായി എന്നൊരു ധാരണ പരന്നിട്ടുണ്ട്. കൊറോണ പോലൊരു ആഗോള മഹാമാരിയെ ലഘുവായി കാണരുത്. എല്ലാ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.