Top Stories
നിർഭയയ്ക്ക് നീതി;കുറ്റവാളികളെ തൂക്കിലേറ്റി
ന്യൂഡൽഹി : ഒടുവിൽ നിർഭയയ്ക്ക് നീതികിട്ടി. നിർഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റി. തീഹാർ ജയിലിൽ പുലർച്ചെ 5.30 നാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി മൂന്നുവർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. മറ്റൊരു പ്രതിയായ രാം സിങ് 2013 മാർച്ച് 11 ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.
അവസാനമായി കുടുംബാംഗങ്ങളെ കാണാന്‍ നാല് പ്രതികളും താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയില്‍ മാനുവല്‍ പ്രകാരം ബന്ധുക്കളെ കാണാന്‍ ഇനി അവസരം നല്‍കാനാവില്ലെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അവരോട് വ്യക്തമാക്കി. അക്ഷയ് താക്കൂറിന്‍റെ കുടുംബവും അവസാനമായി ഇയാളെ കാണണമെന്ന ആഗ്രഹത്തോടെ ജയിലില്‍ എത്തിയെങ്കിലും ഇനി കാണാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ 4.45-ഓടെ പ്രതികളെ ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളുടെയെല്ലാം ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് നാല് പ്രതികള്‍ക്കും പത്ത് മിനിറ്റ് നേരം പ്രാര്‍ത്ഥനയ്ക്കായി അനുവദിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം നാല് പ്രതികളേയും സെല്ലില്‍ നിന്നും തൂക്കുകയറിനടുത്തേക്ക് കൊണ്ടു പോയി. തൂക്കുമുറി എത്തുന്നതിന് തൊട്ടു മുന്‍പായി നാല് പ്രതികളുടേയും കണ്ണുകള്‍ കറുത്ത തുണി കൊണ്ടു അധികൃതര്‍ മൂടി. ശേഷം അവസാനവട്ട പരിശോധന നടത്തി. എല്ലാ പ്രതികളുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തൂക്കിലേറ്റുന്നത് ഒഴിവാക്കാനുള്ള സാഹചര്യമില്ലെന്നും ജയില്‍ മെഡിക്കല്‍ ഓഫീസര്‍ തൂക്കുമുറിയിലുണ്ടായിരുന്ന മജിസ്ട്രേറ്റിനെ സാക്ഷ്യപ്പെടുത്തി.
5.29-ഓടെ ജയില്‍ അധികൃതര്‍ നാല് പ്രതികളുടേയും മരണവാറണ്ട് വായിച്ചു കേള്‍പ്പിച്ചു. നാലുപേരുടെയും കഴുത്തിൽ തൂക്കുകയർ അണിയിച്ചു. കൃത്യം 5.30-ന് നാല് പ്രതികളുടേയും വധശിക്ഷ നടപ്പായി. 5.31-ന് ഇക്കാര്യം ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അഞ്ചരയ്ക്ക് ഒരുമിച്ച് തൂക്കിലേറ്റിയ നാല് പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അരമണിക്കൂര്‍ സമയം കൂടി തൂക്കുകയറില്‍ തന്നെ കിടന്നു. മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. തുടര്‍ന്ന് രാവിലെ ആറ് മണിയോടെ നാല് പേരുടേയും മൃതദേഹങ്ങള്‍ തൂക്കുകയറില്‍ നിന്നും അഴിച്ചു മാറ്റി.
തന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിർഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവർഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ നടപ്പിലാകുന്നത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകർ വെള്ളിയാഴ്ച പുലർച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും തൂക്കുമരത്തിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിച്ചില്ല.
2012 ഡിസംബർ 16-ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗം നടന്നത്. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി പെൺകുട്ടിയെ ഓടുന്ന ബസിൽ പീഡനത്തിനിരയാക്കിയതിന് ശേഷം ഇരുവരെയും റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു.