Top Stories

ഇത് രാജ്യത്തെ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള നീതി:ആശാദേവി

ന്യൂഡൽഹി : ‘ഇത് നിര്‍ഭയക്ക് വേണ്ടി മാത്രമുള്ള നീതിയല്ല, രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണെന്ന്’ നിർഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചു. മകൾ ഈ ലോകം വിട്ട് പോയി. അവളിനി തിരിച്ച് വരാനും പോകുന്നില്ല പക്ഷെ അവൾക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായി, ജുഡീഷ്യറിക്ക് നന്ദിയുണ്ടെന്നും ആശാ ദേവി പറഞ്ഞു. 7 വർഷം നീണ്ട നിയമപ്പോരാട്ടത്തിന്റെ ഫലം കണ്ടതിന്റെ ആശ്വാസത്തിൽ മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു നിർഭയയുടെ അമ്മ. 

നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു. പക്ഷെ അവസാനം ഞങ്ങൾക്കത് ലഭിച്ചു. ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി. നീതിപീഠത്തോടും സർക്കാരിനോടും മറ്റെല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുകയാനെന്നും ആശാ ദേവി പറഞ്ഞു. ഇന്ത്യയുടെ പെൺമക്കൾക്ക് നീതിലഭിക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. ആശാ ദേവി പറഞ്ഞു.

ഇന്നു പുലർച്ചെ 5.30നാണ് നിർഭയ കേസിലെ നാലു പ്രതികളെ തിഹാർ ജയിലിൽ ഒരുമിച്ചു തൂക്കിലേറ്റിയത്. അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂർത്തിയാകാത്ത കുറ്റവാളി മൂന്നുവർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസിൽ മറ്റൊരു പ്രതിയായ രാം സിങ് 2013 മാർച്ച് 11 ജയിലിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

തന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിർഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവർഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ നടപ്പിലാകുന്നത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകർ വെള്ളിയാഴ്ച പുലർച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും തൂക്കുമരത്തിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button