Top Stories
മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
ഭോപ്പാൽ : മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. കമൽനാഥ് സർക്കാരിന്റെ ഭാവി ഇന്നറിയാം. ഇന്ന് വൈകിട്ട് അഞ്ചു മണിക്കകം വിശ്വാസവോട്ട് പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. എത്രയും പെട്ടെന്ന് മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നിയമസഭയിലെ മുഴുവന്‍ നടപടി ക്രമങ്ങളും തത്സമയം പുറത്തുവിടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
രണ്ട് മണിക്ക് വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ എംഎൽഎമാർക്ക് എല്ലാം വിപ്പ് നൽകിയിരിക്കുകയാണ് ബിജെപിയും കോൺഗ്രസും. നിർബന്ധമായും സഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കാണിക്കുന്ന ത്രീ ലൈൻ വിപ്പാണ് ഇരുപാർട്ടികളും എംഎൽഎമാർക്ക് നൽകിയിരിക്കുന്നത്. എന്നാൽ 16 വിമത എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ച സാഹചര്യത്തിൽ കമൽനാഥ് വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജി വയ്ക്കാൻ സാധ്യതയുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യയെ
അനുകൂലിക്കുന്ന ആറ് മന്ത്രിമാരടക്കം 22 കോൺഗ്രസ് എംഎൽഎമാർ കഴിഞ്ഞയാഴ്ച രാജി വച്ചതോടു കൂടിയാണ് കമൽനാഥ് സർക്കാരിന്റെ ഭാവി തുലാസിൽ ആയത്. തിരഞ്ഞെടുപ്പിനുശേഷം സ്ഥാനമാനങ്ങൾ ഒന്നും ലഭിക്കാത്തതിൽ അസംതൃപ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് സിന്ധ്യയെ അനുകൂലിക്കുന്ന എംഎൽഎമാർ കൂട്ട രാജിവെച്ചത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും രാഷ്ട്രീയ നാടകങ്ങൾക്കും ഇന്ന് തിരശ്ശീലവീഴും.