കൊറോണ:സ്ഥിതി ഗുരുതരം;നിയന്ത്രണങ്ങൾ കർശനമാക്കി കേരളം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് പുതുതായ കൊവിഡ് 19 സ്ഥിതികരിച്ചതോടെ സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തി നിയന്ത്രണങ്ങൾ കർശനമാക്കി. ശനിയാഴ്ചയും സർക്കാർ ഓഫീസുകൾക്ക് അവധി നൽകി. ഗ്രൂപ്പ് ബി സി ഡി വിഭാഗത്തിലെ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ 31 വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫീസിലെത്തിയാല്‍ മതി. എസ് എസ് എൽ സി ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും സംസ്ഥാനത്ത് മാറ്റിവയ്ച്ചു. സ്കൂൾ കോളേജ് അധ്യാപകർക്ക് അവധി നൽകി.
പദ്ഭനാഭ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പദ്ഭനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂരിലും ഭക്തരെ പ്രവേശിപ്പിക്കില്ല. പള്ളികളിലെ ആളുകൾ കൂടുന്ന കുറുബാനകളും ജുമാ നമസ്കാരങ്ങളും നിർത്തിവച്ചു.
നികുതിയടയ്ക്കാനുള്ള തീയതി ഏപ്രിൽ 31ആക്കി. റെയില്‍വെ കാറ്ററിംങ് സ്ഥാപനമായ ഐആര്‍സിടിസിയുടെ ഭക്ഷണവിതരണം നിര്‍ത്തിവെച്ചു. രണ്ട് എക്സ്പ്രസ്സ് ട്രെയിനുകളും, 4 മെമു സർവീസുകളും, 12 പാസഞ്ചറുകളും 31 വരെ റദ്ദാക്കി. വേണാട് എക്സ്പ്രസ്സ് 31 വരെ എറണാകുളം വരെ മാത്രം. കൊച്ചുവേളി -മംഗളുരു അന്ത്യോദയ എക്സ്പ്രസ്സ് 29 വരെ റദ്ദാക്കി.
കാസര്‍കോട് സ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളും കര്‍ശനമാക്കി. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്ക് പ്രവര്‍ത്തിക്കില്ല. ആരാധാനലയങ്ങള്‍, ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും പ്രവര്‍ത്തിക്കില്ല. അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ലയില്‍ തന്നെ തുടരണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട് കടകളുടെ പ്രവര്‍ത്തനം രാവിലെ 11 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ ആക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് 50 പേരിൽ കൂടുതൽ കൂട്ടംകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആരാധനാലയങ്ങള്‍, ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍ സമ്മേളനങ്ങള്‍ പൊതുപരിപാടികള്‍ എന്നിവയിൽ 50 പേരിൽ കൂടാൻ പാടില്ല. ഉത്തരവ് ലംഘിച്ചാൽ രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് കളക്ടർ അറിയിച്ചു.
ഏറണാകുളം ജില്ലയില്‍ ഇതുവരെ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ഇല്ലെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ അയക്കാനുള്ള നടപടികള്‍ കൈകൊള്ളും. ജില്ലയെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്, 33 പേരുടെ രോഗ പരിശോധന റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തുവരിക. സ്വകാര്യ ആശുപത്രകളുടെ സഹകരണത്തോടെ കൂടുതല്‍ ഐസോലേഷന്‍ വാര്‍ഡുകളും 94 പേരെ ചികില്‍സിക്കാവുന്ന തീവ്ര പരിചരണ വിഭാഗങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവരെക്കുറിച്ചുള്ള നിരീക്ഷണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 40 ആയി. 44390 പേരാണ് ഇപ്പോല്‍ നിരീക്ഷണത്തിലുള്ളത്. 225 പേര്‍ ആശുപത്രിയിലാണ്. ഇന്നലെ 56 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
രാജ്യത്ത് 22 സംസ്ഥാനങ്ങളിലായി 257 പേർക്ക് ഇതിനകം കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 37 പേർ വിദേശ പൗരന്മാരാണ്. അൻപതിലേറെ പേർക്കാണ് ഇന്നലെ ഒറ്റ ദിവസം കോവിഡ് സ്ഥിതീകരിച്ചത്. ഇതുവരെ 5 പേർ രോഗം ബാധിച്ചു മരിച്ചു.
നാളെത്തെ ജനത കര്‍ഫ്യൂവിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കും. ഹോട്ടലുകൾ ബേക്കറികൾ എന്നിവ അടച്ചിടും. എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി അറിയിച്ചു. രാവിലെ 7 മുതൽ രാത്രി 9 വരെ പെട്രോൾ പമ്പുകൾ അടച്ചിടും.