Top Stories
കോവിഡ് 19: മരണം 11,485 ആയി; വൈറസിനെ പടരാൻ വിട്ടാൽ ദശലക്ഷങ്ങൾ മരിയ്ക്കുമെന്ന് യു എൻ
കോവിഡ് 19 മഹാമാരിയെ തുടർന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11,485 ആയി. യൂറോപ്പിൽ മാത്രം 5000 ത്തിലധികം പേർ മരിച്ചു. ഇറ്റലിയിൽ 4,032 പേരും , സ്പെയിൻ 1093 പേരും, ഇറാനിൽ 1,431 പേരും,അമേരിക്കയിൽ 252 പേരും, ഫ്രാൻസിൽ 450 പേരും, ജർമനിയിൽ 60 പേരും ഇതുവരെ മരിച്ചു. ലോകത്ത് 182 രാജ്യങ്ങളിലായി 2,77,500 പേരെ ബാധിച്ച വൈറസ് 11,485 ജീവനെടുത്തു. 89,048 പേർ ചികിത്സയിലൂടെ രോഗവിമുക്തിനേടി.
വെള്ളിയാഴ്ച മാത്രം 627 പേർ മരിച്ചെന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചു. ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിൽ വെള്ളിയാഴ്ച റെക്കോർഡ് നിരക്കാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ മരണസംഖ്യയിൽ ചൈനയെ മറികടന്ന ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4032 ആയിട്ടുണ്ട്.
കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ദശലക്ഷക്കണക്കിനാളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളെയായിരിക്കും മഹാമാരി ഏറെ ബാധിക്കുക. വൈറസിനെ കാട്ടുതീപോലെ പടരാൻ വിട്ടാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.