News
കൊറ്റൻകുളങ്ങര ക്ഷേത്രത്തിന് ചുറ്റും നിരോധനാജ്ഞ;ചമയവിളക്ക് ചടങ്ങിന് മാത്രം
കൊല്ലം: ചവറയിലെ കൊറ്റൻകുളങ്ങര ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ രണ്ടുദിവസത്തേക്കാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പ്രശസ്തമായ ചമയവിളക്ക് ഉത്സവത്തിന് ആളുകൾ കൂടാൻ സാധ്യതയുള്ളതിനാലാണ് നിരോധനാജ്ഞയെന്ന് ജില്ലാഭരണകൂടം അറിയിച്ചു. നിരോധനാജ്ഞ പ്രകാരം പ്രദേശത്ത് ആളുകൾ കൂട്ടംകൂടാൻ പാടില്ല.
മാർച്ച് 23, 24 തീയതികളിലാണ് പ്രസിദ്ധമായ ചമയവിളക്ക് മഹോത്സവം നടക്കുന്നത്. പുരുഷന്മാർ സ്ത്രീ വേഷം കെട്ടി വിളക്കെടുക്കുന്നതാണ് ചമയവിളക്ക്. പതിനായിരക്കണക്കിന് പുരുഷന്മാരാണ് എല്ലാവർഷവും ചമയവിളക്കെടുക്കുന്നതിനായി ദേവിയ്ക്ക് മുന്നിൽ എത്തിച്ചേരുന്നത്. കൊറോണ പടർന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ ആചാരപ്രകാരമുള്ള ചടങ്ങുകൾ മാത്രം നടത്തി ആഘോഷങ്ങളെല്ലാം ഒഴിവാക്കിയതായി ക്ഷേത്രക്കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.