Top Stories

കേരളത്തിൽ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ രണ്ട് പേര്‍ എറണകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ച്‌ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം  64 ആയി.

കാസര്‍കോട് ജില്ലയിൽ  നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള സ്വദേശികൾക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഇവര്‍ അഞ്ചുപേരും ദുബായില്‍ നിന്ന് വന്നവരാണ്. എല്ലാവരും പുരുഷന്‍മാരാണ്.

കണ്ണൂരില്‍ ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാറാത്ത് സ്വദേശി ജില്ലാ ആശുപത്രിയിലും ചെറുവാഞ്ചേരി സ്വദേശി തലശ്ശേരി ജനറല്‍ ആശുപത്രിയിലും കുഞ്ഞിമംഗലം, ചപ്പാരപ്പടവ് സ്വദേശികള്‍ പരിയാരത്തും ചികിത്സയില്‍ കഴിയുകയാണ്. എല്ലാവരും ഗള്‍ഫില്‍ നിന്ന് എത്തിയവരാണ്.

കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് എത്തിയ പുരുഷനും സ്ത്രീയ്ക്കുമാണ്. ഒരാള്‍ ബീച്ച്‌ ആശുപത്രിയിലും മറ്റൊരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഇരുവരെയും വിമാനത്താവളത്തില്‍ നിന്ന് നേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും മറ്റേയാള്‍ നെടുമ്പാശേരി വിമാനത്താവളം വഴിയും വന്നതാണെന്ന് സ്ഥിരീകരിച്ചു. രണ്ട് പേരും ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചവർ കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് എത്തിയതാണ്. പനി ലക്ഷണങ്ങള്‍ കണ്ടതോടെ വിമാനത്താവളത്തില്‍ നിന്ന് കളമശേരിയിലെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. ആദ്യമായാണ് എറണാകുളം ജില്ലക്കാർക്ക് കൊറോണ സ്ഥിതീകരിയ്ക്കുന്നത്.

വിവിധ ജില്ലകളിലായി 59,295 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങൾ ഉള്ള 4035 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button