13,185 പേരെ കൊന്നൊടുക്കി കൊറോണ;വിറങ്ങലിച്ച് ലോകം
കോവിഡ് 19 ലോകമാകെ ഇതുവരെ 13,185 പേരെ കൊന്നൊടുക്കി. 310,784 പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. 95, 145 പേർ കോറോണയിൽ നിന്നും മുക്തരായി. രോഗബാധ നിരക്കും മരണനിരക്കും ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫലപ്രദമായ മരുന്നില്ലാത്ത രോഗത്തിന് ജാഗ്രത മാത്രമാണ് പ്രതിവിധി.
രോഗവ്യാപനത്തിന്റെ വേഗതയിലും മരണനിരക്കിലും വിറങ്ങലിച്ചു നിൽക്കുകയാണ് ഇറ്റലി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 793 പേരാണ്. ഇറ്റലിയുടെ വടക്കന്‍ മേഖലയായ ലൊമ്ബാര്‍ഡിയില്‍ മാത്രം മരിച്ചത് 546 പേരാണ്. ഇതേ തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 4825 പേരാണ് ഇറ്റലിയിൽ ഇതുവരെ മരണപ്പെട്ടത്. 53,578 പേർക്കാണ് ഇതുവരെ ഇറ്റലിയിൽ കൊറോണ ബാധിച്ചത്.
മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം ചൈനയിൽ വീണ്ടും പ്രാദേശിക തലത്തിൽ കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 45 പേർക്കാണ് ചൈനയിൽ കോവിഡ് ബാധിച്ചതെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഇതിൽ ഗ്വാൻഷുവിൽ പ്രാദേശിക വ്യാപനം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.ആറ് പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ച് പേർ ഹൂബെ പ്രവിശ്യയിലാണ് മരിച്ചത്. ചൈനയിൽ ആകെ 81,054 പേർക്കാണ് കോവിഡ് 19 വൈറസ് ബാധയേറ്റത്. ഇതിൽ 3,261 പേർ വൈറസ് ബാധ മൂലം മരിച്ചു. 5,549 പേരാണ് ചികിൽസയിലുള്ളത്. 72,244 പേർ രോഗത്തിൽ നിന്ന് മോചിതരായി ആശുപത്രി വിട്ടു.
സ്‌പെയിനിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്പെയിനില്‍ മരണം 1381ആയി. 285 പേരാണ് 24 മണിക്കൂറിനിടെ സ്പെയിനിൽ മരിച്ചത്. 25,496 പേർക്കാണ് കൊറോണ സ്ഥിതീകരിച്ചിട്ടുള്ളത്. 2125 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് സ്പെയിനിൽ തുടരുന്നത്.
കൊറോണ മരണ നിരക്ക് ആയിരത്തിന് മേലെ കടന്ന മറ്റൊരു രാജ്യം ഇറാൻ ആണ്. 1556 പേരാണ് ഇറാനിൽ മരിച്ചത്. 20,610 പേർക്കാണ് കൊറോണ സ്ഥിതീകരിച്ചിട്ടുള്ളത്. 7,365 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
അമേരിക്കയിൽ മരണം 344 ആയി. കഴിഞ്ഞ ഒരു ദിവസം കൊണ്ട് 26 പേരാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് 6500 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 27,021 പേർക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിതീകരിച്ചിട്ടുള്ളത്. 29 പേർ മാത്രമാണ് അമേരിക്കയിൽ രോഗമുക്തി നേടിയത്. കടുത്ത നടപടികളാണ് രോഗവ്യാപനം തടയാനും മരണനിരക്ക് കുറയ്ക്കാനുമായി അമേരിക്ക കൈക്കൊണ്ടിട്ടുള്ളത്. നിലവിൽ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴു കോടി അമേരിക്കക്കാരാണ് വീടുകളില്‍ ഒതുങ്ങിക്കഴിയുന്നത്.
ജര്‍മ്മനിയില്‍ ഒറ്റ ദിവസം കൊണ്ട് രോഗികളായത് 2500ലേറെ പേരാണ്. 77 ഓളം പേര്‍ മരിച്ചു. ഇറാനില്‍ 1500ലേറെ പേര്‍ മരിച്ചു. സിംഗപ്പൂരില്‍ കോവിഡ് ബാധിച്ചു 2 പേര്‍ മരിച്ചു. ഇതാദ്യമായാണ് സിംഗപ്പൂരില്‍ കൊവിഡ് മരണം. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം 30 പേര്‍ മരിച്ചു. ദക്ഷിണകൊറിയയില്‍ മരണം 104 ആയി ഉയര്‍ന്നു. യു എ ഇ യിൽ 2 പേർ മരിച്ചു. കാനഡയിൽ 19 പേർ മരിച്ചു. ഇസ്രായേലിൽ 1 മരണവും പാകിസ്ഥാനിൽ 3 മരണവും, ഇറാഖിൽ 17 മരണവും, ജപ്പാനിൽ നങ്കൂരമിട്ടിരിയ്ക്കുന്ന ഡയമണ്ട് പ്രിൻസസ് കപ്പലിൽ 8 മരണവും റിപ്പോർട്ട് ചെയ്യ്തു.