Top Stories
കൊറോണ:ഡൽഹി പൂർണമായും അടച്ചിടുന്നു
ന്യൂഡൽഹി : ഡൽഹി പൂർണമായും അടച്ചിടുന്നു. മാർച്ച് 23 ന് രാവിലെ ആറുമുതൽ മാർച്ച് 31 അർധരാത്രി വരെ ഡൽഹി അടച്ചിടാൻ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. അവശ്യ സേവനങ്ങൾ ഒഴിച്ച് മറ്റൊന്നും 31 വരെ പ്രവർത്തിയ്ക്കില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഡൽഹിയിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ സ്വകാര്യ ബസുകൾ, ഓട്ടോ, ഇ-റിക്ഷ തുടങ്ങിയ പൊതുഗാതാഗത സംവിധാനങ്ങളൊന്നും ഈ കാലയളവിൽ അനുവദിക്കില്ലെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി ട്രാൻസ്പോർട്ട് കമ്മിഷനിലെ 25 ശതമാനം ബസുകൾ മാത്രം അവശ്യ സേവനങ്ങളെ ഉദ്ദേശിച്ച് സർവീസ് നടത്തും.
സ്വകാര്യ ഓഫീസുകൾ അടച്ചിടും. സ്ഥിര-താൽക്കാലിക ജീവനക്കാരെ ഓൺ ഡ്യൂട്ടിയിലുള്ളതായി കണക്കാക്കും. അതിനാൽ തന്നെ ഈ സമയത്തെ ശമ്പളം അവർക്കു നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ 27 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവരിൽ 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്.
ഡൽഹിയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശിലും ബീഹാറിലും 31 വരെ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയാണ് ആന്ധ്രയിൽ ലോക്ക് ഡൌൺ നടപ്പാക്കിയെന്നറിയിച്ചത്. അതേസമയം പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ഗോവയിൽ മൂന്നു ദിവസം കൂടി നീട്ടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്.